മഹാത്മാ ഗാന്ധിക്കും മുഗള്‍ സാമ്രാജ്യത്തിനും പിന്നാലെ മൗലാന അബുൽ കലാം ആസാദിനെയും പാഠപുസ്തകത്തിൽ നിന്ന് നീക്കി എൻസിഇആർടി. കശ്മീർ ലയനത്തിനുണ്ടായിരുന്ന ഉപാധിയെ കുറിച്ചുള്ള പരാമർശവും നീക്കം ചെയ്തു. പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലെ 'ഭരണഘടനാ എന്തിന്, എങ്ങനെ?'എന്ന പാഠഭാഗത്ത് നിന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.
മുഗൾ ഭരണകാലഘട്ടവും മഹാത്മാ ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനവും ഉൾപ്പെടെയുള്ള പല ഭാഗങ്ങളും മുൻപ് തന്നെ എൻസിഇആർടി പാഠഭാഗങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും പുതിയതാണ് അബുൽ കലാം ആസാദ്. ഇതിനുപുറമെ സ്വയംഭരണാധികാരം നിലനിർത്തുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീർ ഇന്ത്യയിലേക്ക് ലയിച്ചത് എന്ന വസ്തുത പരാമർശിക്കുന്ന ഭാഗവും പുതിയ പുസ്തകങ്ങളിൽ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്.
“ഭരണഘടനാ അസംബ്ലിയിൽ വിവിധ വിഷയങ്ങളിൽ എട്ട് പ്രധാന കമ്മിറ്റികൾ ഉണ്ടായിരുന്നു. ജവഹർലാൽ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാനാ ആസാദ് അല്ലെങ്കിൽ അംബേദ്കർ എന്നിവരായിരുന്നു ഈ കമ്മിറ്റികളുടെ അധ്യക്ഷന്മാർ.” പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന ഈ ഭാഗത്ത് നിന്ന് ആസാദിന്റെ പേര് മാത്രമാണ് നീക്കിയത്.
സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ അബുൽ കലാം ആസാദിന്റെ പേരിൽ നൽകിപ്പോന്നിരുന്ന സ്‌കോളർഷിപ്പും കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു. ബുദ്ധ- ക്രൈസ്തവ- ജൈന- മുസ്ലിം- പാഴ്സി-സിഖ് വിഭാഗങ്ങളിലെ എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കായി അഞ്ച് വർഷത്തേക്ക് 2009 മുതൽ നൽകുന്നതായിരുന്നു ഈ സ്‌കോളർഷിപ്പ്.
14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം പോലുള്ള സുപ്രധാന പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ആസാദ്. കൂടാതെ ജാമിയ മില്ലിയ ഇസ്ലാമിയ, വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ എന്നിവയുടെ സ്ഥാപക അംഗവുമാണ്.
പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ പത്താം അധ്യായമായ "ഭരണഘടനയുടെ തത്വശാസ്ത്രം" എന്ന അധ്യായത്തിൽ നിന്നാണ് ജമ്മു കശ്മീരിന്റെ ഉപാധികളോടെയുള്ള ലയനം പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയത്. "ഉദാഹരണത്തിന്, ജമ്മു കശ്മീരിന്റെ ഇന്ത്യൻ യൂണിയനിലേക്കുള്ള പ്രവേശനം ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം അതിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ്" എന്ന വാചകമാണ് നിലവിൽ നീക്കം ചെയ്തിരിക്കുന്നത്.