INDIA

നാഗാലാൻഡിൽ ബിജെപി സഖ്യത്തിന് എൻസിപി പിന്തുണ; സംസ്ഥാന താത്പര്യം കണക്കിലെടുത്തെന്ന് വിശദീകരണം

ദേശീയ തലത്തില്‍ ബിജെപി ഇതര കൂട്ടായ്മയിലെ പ്രധാന കക്ഷികളിലൊന്നായ എന്‍സിപി, നാഗാലാന്‍ഡില്‍ സ്വീകരിച്ച നിലപാട് വിശദീകരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഏറെ പാടുപെടും

വെബ് ഡെസ്ക്

മഹാരാഷ്ട്രയിലും മറ്റെല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ ബദ്ധശത്രുവാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി. എന്നാല്‍ നാഗാലാന്‍ഡില്‍ സ്ഥിതി വ്യത്യസ്തമാണ്. ബിജെപി സഖ്യസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനത്തെ എന്‍സിപി എംഎല്‍എമാര്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‌റെ അനുമതിയോടെയാണ് ഈ നീക്കം. സംസ്ഥാന താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് എന്‍സിപി വിശദീകരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപി ഇതര കൂട്ടായ്മയിലെ പ്രധാന കക്ഷികളിലൊന്നായ എന്‍സിപി, നാഗാലാന്‍ഡില്‍ സ്വീകരിച്ച നിലപാട് വിശദീകരിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഏറെ പാടുപെടും. എന്‍സിപി അടക്കം എല്ലാ പാര്‍ട്ടികളും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ നാഗാലാന്‍ഡില്‍ ഇത്തവണയും പ്രതിപക്ഷമില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 25 സീറ്റാണ് എന്‍ഡിപിപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ബിജെപിക്ക് 12 സീറ്റും. എന്‍ഡിപിപി അധ്യക്ഷന്‍ നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തില്‍ 12 അംഗ മന്ത്രിസഭ ചുമതലയുമേറ്റും. എന്‍ഡിപിപിയുടെ ഏഴും ബിജെപിയുടെ അഞ്ചും മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പിന്തുണച്ച് എന്‍സിപി രംഗത്തെത്തിയത്. എന്നാല്‍ പിന്തുണ സംബന്ധിച്ച് ബിജെപിയോ എന്‍ഡിപിപിയോ പ്രതികരിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ 2014 ല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായി. 2019 തിരഞ്ഞെടുപ്പിന് പിന്നാലെ അജിത്ത് പവാറിന്‌റെ നേതൃത്വത്തില്‍ എന്‍സിപിയിലെ ഒരു വിഭാഗം ബിജെപിയെ പിന്തുണച്ചിരുന്നു. ഇതൊഴിച്ചാല്‍ കോണ്‍ഗ്രസിന്‌റെ വിശ്വസ്ത സഖ്യകക്ഷിയായിരുന്നു എന്‍സിപി എന്നും.

എന്‍ഡിപിപി- ബിജെപി സഖ്യം കഴിഞ്ഞാല്‍ നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയാണ് എന്‍സിപി. ഏഴ് എംഎല്‍എമാരാണ് പാര്‍ട്ടിക്കുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ ഇത് പര്യാപ്തവുമാണ്. എന്നാല്‍ ഭരണകക്ഷിക്ക് ഒപ്പം നില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. എന്‍സിപിയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നരേന്ദ്ര വര്‍മയോടാണ് സര്‍ക്കാരിന്‌റെ ഭാഗമാകാനുള്ള താത്പര്യം എംഎല്‍എമാർ അറിയിച്ചത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായെന്ന് നരേന്ദ്ര വര്‍മ ബുധനാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തില്‍ ബിജെപിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. മറിച്ച് എന്‍ഡിപിപി സര്‍ക്കാരിന് പിന്തുണ നല്‍കുന്നു എന്നാണ് വിവരിക്കുന്നത്.

എന്‍പിപി, എല്‍ജെപി (രാംവിലാസ്), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്ത്വാലെ)ജനതാദള്‍ യു, സ്വതന്ത്രര്‍ തുടങ്ങി എല്ലാ എംഎല്‍എമാരും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇത്തവണയും സംസ്ഥാനത്ത് പ്രതിപക്ഷമില്ല.

''പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും എന്‍സിപിയുടെ നാഗാലാന്‍ഡ് സംസ്ഥാന ഘടകവും പാര്‍ട്ടി, നെയ്ഫ്യൂ റിയോ സര്‍ക്കാരിന്‌റെ ഭാഗമാകണമെന്ന നിലപാടിലാണ്. മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുമായുള്ള നല്ല ബന്ധവും സംസ്ഥാനത്തിന്‌റെ വിശാലമായ താത്പര്യവും പരിഗണിച്ചാണ് ഇത്. സര്‍ക്കാരിന്‌റെ ഭാഗമാകണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് വിട്ടിരുന്നു. നെയ്ഫ്യൂ റിയോയുടെ നേതൃത്വം അംഗീകരിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു.'' പ്രസ്താവന വിശദീകരിക്കുന്നു.

എന്‍പിപി, എല്‍ജെപി (രാംവിലാസ്), റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്ത്വാലെ)ജനതാദള്‍ യു, സ്വതന്ത്രര്‍ തുടങ്ങി എല്ലാ എംഎല്‍എമാരും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നയാളാണ് നെയ്ഫ്യൂ റിയോ. 1989 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായ 72 കാരനായ റിയോ,കോണ്‍ഗ്രസില്‍ തുടങ്ങി നാഗാ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായി.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി