INDIA

'എന്‍സിപിയോടൊപ്പം തുടരും, ബിജെപിയിലേക്കില്ല'; പ്രചരിക്കുന്നത് കിംവദന്തിയെന്ന് അജിത് പവാർ

പാർട്ടി മാറ്റത്തിനായി 40 എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ചുവെന്ന വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്ന് അജിത് പവാര്‍

വെബ് ഡെസ്ക്

ബിജെപിയിലേക്ക് പോകാൻ പദ്ധതിയില്ലെന്ന് എൻസിപി നേതാവ് അജിത് പവാർ. മാധ്യമങ്ങൾ ഒരു കാരണവുമില്ലാതെ കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും അജിത് പവാര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം പൂര്‍ണമായും തള്ളി.

"ഒരു കിംവദന്തിയിലും സത്യമില്ല. ഞാൻ എൻസിപിയോടൊപ്പമാണ്. എൻസിപിയിൽ തന്നെ തുടരും" - എൻസിപിയുടെയും മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിലെയും വിള്ളലുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ രൂക്ഷമായി വിമർശിച്ച് അജിത് പവാർ പറഞ്ഞു.

പാർട്ടി മാറ്റത്തിനായി 40 എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ചുവെന്ന വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്ന് അജിത് പവാര്‍ വ്യക്തമാക്കി. സാധാരണ കൂടിക്കാഴ്ചയ്ക്കെത്തുന്നതിന് സമാനമായാണ് എംഎൽഎമാർ തന്നെ കാണാനെത്തിയതെന്നും മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുപ്രചാരണങ്ങൾ എൻസിപി പ്രവർത്തകരെ ആകെ ആശയക്കുഴപ്പത്തിലാക്കിയതായി അജിത് പവാര്‍ ചൂണ്ടിക്കാട്ടി. '' ശരദ് പവാറിന്റെ നേതൃത്വത്തിലുളള എൻസിപി അധികാരത്തിലും പ്രതിപക്ഷത്തിലും ഇരുന്ന സമയങ്ങളുണ്ട്. വ്യാജപ്രചാരണങ്ങൾ വഴി രാജ്യത്തെ തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ അടക്കമുളള പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പലരും ലക്ഷ്യമിടുന്നത്'' - അജിത് പവാര്‍ കുറ്റപ്പെടുത്തി.

ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയെന്ന റിപ്പോർട്ടുകളും അജിത് പവാർ തള്ളിക്കളഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോഴാണ് അവസാനമായി ട്വിറ്ററിൽ മാറ്റങ്ങൾ വരുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അജിത് പവാര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളെ നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സത്യമില്ലെന്നും വെറും ഊഹാപോഹങ്ങളാണെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

ശിവസേനയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്ന ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎമാർ ആയോഗ്യരാക്കപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ട് അജിത് പവാറിനെ കൂടെകൂട്ടാന്‍ നീക്കം നടക്കുന്നു എന്നതായായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. 53 എന്‍സിപി എംഎല്‍മാരിൽ 40 പേരും അജിത്ത് പവാറിനൊപ്പമെന്ന സമ്മതപത്രം ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ