പോലീസ് കള്ളക്കേസുകള്‍ ചുമത്തുന്നുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ രാജിവെച്ചു. 72 മണിക്കൂറിനുള്ളില്‍ തനിക്കെതിരെ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ചാണ് എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവാദ് രാജിവെച്ചത്. താനെയിലെ മുംബ്ര-കല്‍വ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജിതേന്ദ്ര അവാദ്.
''കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ പോലീസ് എനിക്കെതിരെ രണ്ട് കള്ളക്കേസുകള്‍ ചുമത്തി. അതും ഐപിസി സെക്ഷന്‍ 354 പ്രകാരം. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ഞാന്‍ എന്റെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചു'' - ജിതേന്ദ്ര അവാദ് ട്വിറ്ററില്‍ കുറിച്ചു.
ശിവജിയുടെ ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ച് മറാത്തി സിനിമ 'ഹര്‍ ഹര്‍ മഹാദേവി'ന്റെ പ്രദര്‍ശനം തടസപ്പെടുത്തിയതിന് ജിതേന്ദ്ര അവാദ് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. താനെ സെഷന്‍സ് കോടതി ഈ കേസില്‍ ജാമ്യം നല്‍കി. പിന്നാലെ സ്ത്രീയെ ആക്രമിച്ചെന്ന പുതിയൊരു കേസ് കൂടി എംഎല്‍എയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം മുംബ്ര പാലം ഉദ്ഘാടന ചടങ്ങില്‍വെച്ച് സ്ത്രീയെ പിടിച്ചു തള്ളിയെന്നായിരുന്നു കേസ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കാണാനെത്തിയ തന്നെ എംഎല്‍എ പിടിച്ചു തള്ളിയെന്നായിരുന്നു ബിജെപി ആക്ടിവിസ്റ്റ് കൂടിയായ വനിതയുടെ പരാതി.
എംഎല്‍എയ്‌ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് എന്‍സിപി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമാണെന്ന ജിതേന്ദ്ര അവാദിന്റെ ആരോപണം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തള്ളി. നിയമപ്രകാരമുള്ള നടപടി മാത്രമാണന്നൊയിരുന്നു ഷിന്‍ഡെയുടെ വിശദീകരണം.