INDIA

ശിവസേനയ്ക്ക് പിന്നാലെ എൻസിപിയും പിളർപ്പിലേക്കോ ? ഊഹാപോഹങ്ങൾ ഏറെ, ഉറ്റുനോക്കി ദേശീയ രാഷ്ട്രീയം

വെബ് ഡെസ്ക്

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് എൻസിപി നേതാവ് അജിത് പവാർ. എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം 8 എംഎൽഎമാരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ ഒരു വർഷം പൂർത്തിയാക്കി മൂന്ന് ദിവസം പിന്നിടുമ്പോഴാണ് മഹാവിഘാസ് സഖ്യത്തോട് വിടപറഞ്ഞ് അജിത് പവാറു കൂട്ടരും എൻഡിഎയിലേക്ക് എത്തിയത്.

ഷിൻഡെ-ഫഡ്‌നാവിസ് സർക്കാരുമായി അജിത് പവാർ കൈകോർത്തതോടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ‌യിൽ വലിയ പ്രതിസന്ധി ഉടലെടുത്തു കഴിഞ്ഞു. ഇത് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങളും ഇതിനോടകം തന്നെ ശക്തമായിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ 2019 ൽ അധികാരത്തിൽ എത്താനുളള ബിജെപിയുടെ മോഹത്തിനൊപ്പം നിന്ന അജിത് പവാറിനെ അമ്മാവനും എൻസിപി അധ്യക്ഷനുമായ ശരദ് പവാർ അനുനയിപ്പിച്ചാണ് തിരികെ കൊണ്ടു വന്നത്. പിന്നാലെ കോൺ​ഗ്രസും എൻസിപിയും ശിവസേനയും ചേർന്ന് മഹാവികാസ് അഘാടി സഖ്യം രൂപീകരിച്ച് അധികാരത്തിൽ എത്തിയെങ്കിലും ഉദ്ധവ് താക്കറെ സർക്കാരിന് അധികനാൾ അധികാരത്തിൽ തുടരാൻ കഴിഞ്ഞിരുന്നില്ല. ശിവസേന പിളർന്ന് ഏകനാഥ് ഷിൻഡെ വിഭാ​ഗം എൻഡിഎ സർക്കാരിന്റെ ഭാ​ഗമായി. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി ഭരണം തുടരുന്നതിനിടെയാണ് അജിത് പവാറിന്റെയും വരവും.

ഉദ്ധവ് സേന- ഏകനാഥ് ഷിൻഡെ സേന വിഭാഗമായി ശിവസേന പിളർന്നെങ്കിൽ അജിത് പവാറിന്റെ എൻഡിഎ കൂട്ടുകെട്ട് എൻസിപിയെയും പിളർപ്പിലേക്ക് നയിക്കാനുള്ള സാധ്യതയേറെയാണ്. അജിത് പവാറിന്റെ അട്ടിമറിയെ ശരദ് പവാർ പിന്തുണച്ചില്ലെങ്കിൽ എൻസിപി ചിഹ്നത്തെച്ചൊല്ലി അടക്കമുളള നിയമപോരാട്ടങ്ങൾക്കായിരിക്കും വരുദിവസങ്ങളിൽ മഹാരാഷ്ട്ര സാക്ഷിയാവുക.

അതേസമയം അജിത് പവാറിന്റെ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രഫുൽ പട്ടേലും ഉണ്ടായിരുന്നുവെന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. അജിത് പവാറിനെ ഒഴിവാക്കി സുപ്രിയ സുലെയ്‌ക്കൊപ്പം എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റായി ചുമലതലയേറ്റ നേതാവാണ് പ്രഫുൽ പട്ടേൽ.

2019 ൽ അജിത് പവാർ എൻഡിഎയ്ക്കൊപ്പം വന്നപ്പോൾ ശരദ് പവാറിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും പിന്നീട് ഇത് പിൻവലിക്കുകയുമായിരുന്നുവെന്നാണ് ദേവേന്ദ്ര ഫഡ്‌നാവിസ് അടുത്തിടെ വെളിപ്പെടുത്തിയത്. അജിത് പവാറിന്റെ നിലവിലെ നീക്കത്തിന് എൻസിപി നേതൃത്വത്തിന്റെ പിന്തുണയുണ്ടോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. എൻഡിഎയിൽ ചേർന്നതിന് ശേഷവും പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് തന്നെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവന ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതുമാണ്. എന്നാൽ ശരദ് പവാർ അജിത് പവാറിനൊപ്പമില്ലെന്നാണ് എംപി സഞ്ജയ് റാവത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.

ബിജെപി-ഷിൻഡെ സേന സർക്കാരുമായി കൈകോർത്ത അജിത് പവാറിനെ എൻസിപി ഇതുവരെ ഔദ്യോഗികമായി പിന്തുണച്ചിട്ടില്ല. എന്നാൽ അജിത് പവാർ- ശരദ് പവാർ വിഭാഗമെന്ന പിളർപ്പ് പാർട്ടിയിൽ ഉണ്ടായാൽ വലിയ പ്രതിസന്ധിയായിരിക്കും ദേശീയ രാഷഅട്രീയത്തിൽ വരാനിരിക്കുന്നത്. കാരണം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവർത്തനങ്ങളിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാന നേതാവ് കൂടിയാണ് ശരദ് പവാർ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും