INDIA

'നാരീശക്തി വാക്കില്‍ മാത്രം'; ആറുവര്‍ഷത്തിനിടെ 275 കസ്‌റ്റോഡിയല്‍ റേപ്, ഏറ്റവും കൂടുതല്‍ യുപിയില്‍

2017 മുതല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 275 കസ്റ്റഡി ബലാത്സംഗ കേസുകളില്‍, ഉത്തര്‍പ്രദേശിലാണ് (92) ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്തത്

വെബ് ഡെസ്ക്

കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടെ സ്ത്രീകള്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതിന്റെ പേരില്‍ 275 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്തെ പോലീസ് സംവിധാനത്തെ ആകമാനം പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര കണക്കുകള്‍ പ്രതിപാദിക്കുന്നത്.

എന്‍സിആര്‍ബി റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022-ല്‍ മാത്രം ഇത്തരത്തില്‍ 24 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017 മുതല്‍ 2022 വരെയുള്ള കാലത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടത്. 2017-ലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 89 സംഭവങ്ങളാണ് വിവധ സംസ്ഥാനങ്ങളിലായി അരങ്ങേറിയത്. 2017-ന് ശേഷം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2018-ല്‍ കേസുകളുടെ എണ്ണം 60 ആയി കുറഞ്ഞപ്പോള്‍ 2019-ല്‍ 47ഉം 2020-ല്‍ 29ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-ല്‍ 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെഷന്‍ 376(2) പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം കാട്ടിയതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജയിലര്‍, കസ്റ്റഡി അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഈ വകുപ്പ് അധികാരം നല്‍കുന്നു.

ആറു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 275 കേസുകളില്‍ കൂടുതലും ഉത്തര്‍പ്രദേശിലാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇക്കാലയളവില്‍ 92 സംഭവങ്ങളാണ് യുപിയില്‍ ഉണ്ടായത്. മധ്യപ്രദേശിനാണ് രണ്ടാം സ്ഥാനം, 43 എണ്ണം. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പോലീസ് സംവിധാനത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

പോലീസ് സംവിധാനങ്ങൾക്കുള്ളിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് വനിതാ ആക്ടിവിസ്റ്റുകൾ കുറ്റപ്പെടുത്തിയത്. ''കസ്റ്റഡിയിലെ ക്രമീകരണങ്ങളാണ് ദുരുപയോഗത്തിന് അവസരങ്ങള്‍ നല്‍കുന്നത്. സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും അവരുടെ അധികാരം ഇത്തരം ക്രിമിനൽ കുറ്റങ്ങൾക്കായി ദുരുപയോഗം ചെയ്യാറുണ്ട്. ഭരണകൂട സംരക്ഷണത്തിന്റെ മറവിലാണ് അധികാര ദുര്‍വിനിയോഗം നടക്കുന്നത്,' പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മത്രേജ പറഞ്ഞു.

കസ്റ്റഡി ബലാത്സംഗത്തിന്റെ മൂലകാരണങ്ങളും അനന്തരഫലങ്ങളും ഫലപ്രദമായി പരിഹരിക്കുന്നതിന് ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനവും നിയമ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്ന പരിഷ്‌കാരങ്ങളും നിയമ നിർമാണങ്ങളുമാണ് അടിയന്തരമായുള്ള ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍