പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം 'ഇന്ത്യ' എന്ന പേരില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഒഴിവാക്കാൻ മുന്നണി വിപുലീകരണത്തിന്റെ പാതയിലാണ് എൻഡിഎയും. ഡൽഹിയിൽ നടന്ന വിശാല എൻഡിഎ യോഗത്തില്‍ 38 രാഷ്ട്രീയ പാര്‍ട്ടികളാണ് പങ്കെടുത്തത്. എന്നാൽ ഇവയിൽ 15 എണ്ണത്തിനും ലോക്സഭയിൽ പ്രാതിനിധ്യമില്ല. ശേഷിക്കുന്ന 23 പാർട്ടികളില്‍ എട്ടെണ്ണത്തിന് ഓരോ സീറ്റ് വീതമാണ് നേടാന്‍ കഴിഞ്ഞത്.
2024 ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പുതിയ സഖ്യമായ 'ഇന്ത്യ'യെ നേരിടാന്‍ പോകുന്ന എൻഡിഎയെ സംബന്ധിച്ചിടത്തോളം പാർട്ടികളുടെ ഗ്രൂപ്പിങ് പ്രധാനമാണ്
സീറ്റ് നില സംബന്ധിച്ച കണക്കുകൾ ഇങ്ങനെയാണെങ്കിൽ ബിജെപി, എൻസിപി (അജിത് പവാർ പക്ഷം), ശിവസേന, ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവയൊഴിച്ചുള്ള പാർട്ടികള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിലയില്‍ വലിയ സ്വാധീനം ചെലുത്താനാകില്ല.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി 37.69 ശതമാനം വോട്ട് വിഹിതത്തോടെ 303 സീറ്റുകളാണ് ബിജെപി നേടിയത്. ബിജെപിയുമായി ഇപ്പോൾ കൈകോർത്ത ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാഗം, മഹാരാഷ്ട്രയിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കുകയും 18 സീറ്റുകൾ നേടുകയും ചെയ്തു. എൻഡിഎയുടെ ഭാഗമായി ബിഹാറിൽ മത്സരിച്ച എൽജെപി ആറ് സീറ്റുകൾ നേടിയിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുകയും അഞ്ച് സീറ്റുകൾ നേടുകയും ചെയ്തു. ശേഷിക്കുന്ന 33 പാർട്ടികളിൽ, ശിരോമണി അകാലി ദൾ (സംയുക്ത്), മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ജൻ സുരാജ്യ ശക്തി പാർട്ടി, കുക്കി പീപ്പിൾസ് അലയൻസ് തുടങ്ങി 10 പാർട്ടികൾ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
12 സംസ്ഥാന പാർട്ടികളും 11 രജിസ്റ്റർ ചെയ്യാത്ത പാർട്ടികളും ഉൾപ്പെടുന്ന ബാക്കി 23 പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇതിൽ എട്ടുപേർക്ക് മാത്രമാണ് ഒരു സീറ്റെങ്കിലും നേടാൻ കഴിഞ്ഞത്. അപ്നാ ദൾ (സോണിലാൽ), എജെഎസ്യു, എഐഎഡിഎംകെ, മിസോ നാഷണൽ ഫ്രണ്ട്, നാഗ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, സിക്കിം ക്രാന്തികാരി മോർച്ച എന്നിവയാണ് ഈ എട്ട് പാർട്ടികൾ. ഇതിൽ അപ്നാ ദൾ (സോണിലാൽ) എൻഡിഎയുടെ ഭാഗമായി ഉത്തർപ്രദേശിൽ രണ്ട് സീറ്റുകളും മറ്റ് ഏഴ് പാർട്ടികൾ ഓരോ സീറ്റ് വീതവുമാണ് നേടിയിരുന്നത്.
2024 ലെ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പുതിയ സഖ്യമായ 'ഇന്ത്യ'യെ നേരിടാന്‍ പോകുന്ന എൻഡിഎയെ സംബന്ധിച്ചിടത്തോളം പാർട്ടികളുടെ ഗ്രൂപ്പിങ് പ്രധാനമാണ്. 26 പാർട്ടികളാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലുസിവ് അലയൻസില്‍ ഉൾപ്പെട്ടിട്ടുള്ളത്. ഇതിനെ നേരിടാന്‍ ചെറിയ പാർട്ടികളുമായുള്ള ബിജെപിയുടെ സഖ്യം, അവർക്ക് സ്വാധീനമുള്ള വിവിധ മേഖലകളെ ലക്ഷ്യം വച്ചുള്ളതാണ്. എന്നാല്‍, എന്‍ഡിഎ സഖ്യത്തിലെ പല പാർട്ടികളും കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന മല്ലികാർജുന്‍ ഖാർഗെയുടെ പരിഹാസത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ഈ പാർട്ടികള്‍ക്ക് തിരഞ്ഞെടുപ്പിലോ സീറ്റ് നിലയിലോ ഒന്നും ചെയ്യാനില്ലെന്ന് എതിർപ്പാർട്ടികളും അഭിപ്രായപ്പെടുന്നു.