INDIA

രാജ്യസഭയിൽ എൻഡിഎയ്ക്ക് പ്രതിസന്ധി, അംഗസഖ്യ 101 ആയി കുറഞ്ഞു; ഭൂരിപക്ഷത്തിന് 12 പേരുടെ കുറവ്

വെബ് ഡെസ്ക്

ലോക്‌സഭയിൽ കേവല ഭൂരിപക്ഷം മാത്രമെന്ന പ്രതിസന്ധി നേരിടുന്ന എൻഡിഎയ്ക്ക് രാജ്യസഭയിലും വെല്ലുവിളി. സഭയിൽ സഖ്യത്തിന്റെ അംഗസംഖ്യ 101 ആയി കുറഞ്ഞു. നാല് നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധി പൂർത്തിയായതോടെയാണ് എൻഡിഎയുടെ അംഗനില വീണ്ടും കുറഞ്ഞത്. ഭൂരിപക്ഷത്തിന് ഇനി 12 പേരുടെ കൂടി പിന്തുണ വേണം. രാകേഷ് സിൻഹ, രാം ശക്കൽ, സോണാൽ മാൻസിങ്, മഹേഷ് ജഠ്മലാനി എന്നീ നോമിനേറ്റഡ് അംഗങ്ങളാണ് കാലാവധി പൂർത്തിയാക്കി സഭയിൽനിന്ന് വിരമിച്ചത്.

245 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ടത് 123 എംപിമാരുടെ പിന്തുണയാണ്. സഭയുടെ നിലവിലെ അംഗബലം 225 ആയതിനാൽ ഭൂരിപക്ഷ സംഖ്യ 113. എന്നാൽ എൻഡിഎ അംഗബലം 101 മാത്രം. ബിജെപിയ്ക്കുള്ളത് 86 എംപിമാർ. ജെഡിയു-നാല്, എൻസിപി (അജിത് പവാർ)-രണ്ട്, ശിവസേന (ഷിൻഡെ വിഭാഗം), ആർഎൽഡി, പിഎംകെ, എജിപി, എൻപിപി, ആർപിഐ(എ), യുപിപിഎൽ, ടിഎംസി(എം)- ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു എൻഡിഎ കക്ഷികളുടെ സീറ്റ് നില.

അതേസമയം, കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിന് 87 എംപിമാരുണ്ട്. കോൺഗ്രസ്- 26, തൃണമൂൽ കോൺഗ്രസ്-13, ആം ആദ്മി പാർട്ടി, ഡിഎംകെ-10 വീതം, ആർജെഡി-അഞ്ച്, എസ് പി- നാല്, ജെഎംഎം, സിപിഎം-മൂന്ന് വീതം, സിപിഐ, എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ), മുസ്ലിം ലീഗ്- രണ്ട് വീതം, എജിഎം, കേരള കോൺഗ്രസ്, എംഡിഎംകെ, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിന്റെ അംഗബലം.

ഭൂരിപക്ഷം കുറയുന്നത് ബിജെപിയെ എങ്ങനെ ബാധിക്കും?

ഉപരിസഭയായ രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ ഇനി എൻഡിഎ ഇതര കക്ഷികളെ തുടർന്നും ആശ്രയിക്കേണ്ടി വരും. നിലവിൽ തങ്ങളുടെ 86 അംഗങ്ങൾക്കു പുറമെ മറ്റു എൻഡിഎ സഖ്യകക്ഷികളിൽനിന്ന് 15 വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെങ്കിലും ബില്ലുകൾ പാസാക്കാൻ 12 പേരുടെ കൂടി പിന്തുണ ആവശ്യമാണ്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 11 സീറ്റും നാല് നോമിനേറ്റഡ് സീറ്റും നികത്തപ്പെടുന്നതുവരെ ബിജെപിക്ക് ഇതായിരിക്കും സ്ഥിതി.

നിലവിൽ ഇരു സഖ്യത്തിനൊപ്പവുമില്ലാത്ത ഒഡിഷയിലെ നവീൻ പട്നായിക്കിന്റെ പാർട്ടിയായ ബിജെഡി, മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (ഒൻപതു വീതം), തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ് ബിആർഎസ് (ഏഴ്), തമിഴ്‌നാട്ടിലെ മുൻ സഖ്യകക്ഷി എഐഎഡിഎംകെ (നാല്) എന്നീ കക്ഷികളെയാണ് ബിൽ പാസാക്കാൻ ബിജെപി നേരത്തെ ആശ്രയിച്ചിരുന്നത്. ഇതിൽ വൈഎസ്ആർപി, എഐഎഡിഎംകെ കക്ഷികളിൽനിന്നുള്ള 13 പേരുടെ പിന്തുണ സഭയിലെ ഒഴിവ് നികത്തുന്നതുവരെ ബിജെപി തുടർന്നും പ്രതീക്ഷിക്കുന്നു.

മുന്നണിയിലില്ലെങ്കിലും ബിജെപിക്ക് അചഞ്ചലമായ പിന്തുണയാണ് വൈഎസ്ആർസിപി നൽകിവരുന്നത്. എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഡിസംബറിൽ എഐഎഡിഎംകെയുമായുള്ള ബന്ധത്തിൽ പ്രത്യക്ഷമായി തന്നെ വിള്ളൽ വന്നുവെന്ന യാഥാർഥ്യം ബിജെപിക്കു മുന്നിലുണ്ട്. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെഡി നേരിട്ട തിരിച്ചടിയെത്തുടർന്ന് അവരും ബിജെപിയുമായി അകൽച്ചയിലാണ്.

എഐഎഡിഎംകെയും ബിജെഡിയും ഇടഞ്ഞുതന്നെ നില്‍ക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണ മാത്രമേ ബിജെപിയെ തുണയ്ക്കൂ. രാജ്യസഭയിൽ ആകെ 12 നോമിനേറ്റഡ് അംഗങ്ങളാണുള്ളത്. സഖ്യകക്ഷികളല്ലെങ്കിലും സർക്കാർ തിരഞ്ഞെടുക്കുന്നതിനാൽ, പ്രായോഗികമായി അവർ ഭരണകക്ഷിയെയാണ് പിന്തുണയ്ക്കുക. എൻഡിഎയ്ക്കൊപ്പമല്ലെങ്കിലും നാല് എംപിമാരുള്ള ബിആർഎസിന്റെ പിന്തുണയും ഈ സാഹചര്യത്തിൽ നിർണായകമാവും. ബിജെപിയുടെ എതിർപക്ഷത്തായിരുന്ന ബിആർഎസ് തെലങ്കാനയിലെ തിരിച്ചടിയെത്തുടർന്ന് നിലപാട് മാറ്റുന്ന സൂചനകളാണ് അടുത്തനാളുകളിലായി പുറത്തുവന്നത്. ഇത് ബിജെപിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ 20 സീറ്റാണ് നിലവിൽ രാജ്യസഭയിൽ ഒഴിഞ്ഞുകിടക്കുന്നത്. ഈ വർഷം തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന സീറ്റുകൾ ഉൾപ്പടെയാണിത്. ഇതിൽ മഹാരാഷ്ട്ര, അസം, ബിഹാർ എന്നിവിടങ്ങളിൽ രണ്ട് സീറ്റുകൾ വീതവും ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര എന്നിവിടങ്ങളിൽ ഒന്ന് വീതവുമാണ്. ജമ്മു കശ്മീരിൽനിന്ന് നാല് സീറ്റാണ് ഒഴിഞ്ഞുകിടക്കുന്നത്.

അസം, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര എന്നിവിടങ്ങളിൽനിന്ന് എൻഡിഎ സഖ്യത്തിന് ഏഴ് സീറ്റ് വരെ ഉറപ്പിക്കാനാകും. മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധികൾ പരിഹരിക്കാനായാൽ രണ്ട് സീറ്റ് അവിടെനിന്ന് കൂടി ലഭിക്കും. ഒപ്പം വൈഎസ്ആർസിപിയുടെയും നോമിനേറ്റഡ് അംഗങ്ങളുടെയും വോട്ടും കൂടി ലഭിച്ചാൽ എന്‍ഡിഎയക്ക് ഭൂരിപക്ഷം മറികടക്കാം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?