ബലാത്സംഗത്തിനിരയായ സ്ത്രീകളുടെ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡൽഹി പോലീസിന്റെ നോട്ടീസിന് പ്രാഥമിക മറുപടി നൽകി രാഹുൽ ഗാന്ധി. ഉദ്യോഗസ്ഥർ രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി മണിക്കൂറുകൾക്കകമാണ് നാല് പേജുള്ള 10 പോയിന്റുകളടങ്ങുന്ന രാഹുലിന്റെ മറുപടി. ഇതുവരെയില്ലാത്ത നടപടിയെന്ന് പോലീസ് നീക്കത്തെ വിശേഷിപ്പിച്ച രാഹുല്‍, അദാനി വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും താൻ സ്വീകരിച്ച നിലപാടുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ചോദിച്ചു. ജനുവരി 30ന് നടത്തിയ പരാമർശത്തില്‍ ഇതുവരെ യാതൊരു ഇടപെടലുമില്ലാത, 45 ദിവസത്തിന് ശേഷമുള്ള നീക്കത്തിന് പിന്നിലെ അടിയന്തര സാഹചര്യമെന്താണെന്നും രാഹുല്‍ ചോദിച്ചെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കൂടുതല്‍ വിവരങ്ങള്‍ നല്‍കാൻ 10 ദിവസത്തെ സമയവും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ട ബലാത്സംഗത്തിനിരയായ രണ്ട് സ്ത്രീകളോട് ഭാരത് ജോഡോ യാത്രയ്ക്കിടെ സംസാരിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമർശം. ഡല്‍ഹി പോലീസ്, ഇരയായ വ്യക്തികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉദ്യോഗസ്ഥർ രാഹുലിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയത്. അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് പോലീസ് രാഹുലിന്റെ വസതിയിലെത്തുന്നത്.
സ്‌പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡയും ഡൽഹി ഡിസിപിയും ഉൾപ്പെടെയുള്ള പോലീസ് സംഘമാണ് ഇന്ന് പുലർച്ചെ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയത്. തങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാമെന്ന് ഉറപ്പ് നൽകിയതായി രാഹുലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഹൂഡ വ്യക്തമാക്കി. പോലീസ് അയച്ച നോട്ടീസ് രാഹുൽ സ്വീകരിച്ചെന്നും ചോദ്യം ചെയ്യൽ ആവശ്യമെങ്കിൽ അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് ജോഡോ ഒരു നീണ്ട യാത്രയായിരുന്നു.
അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര നീക്കമാണ് ഡൽഹി പോലീസിന് പിന്നിലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരുന്നു. ഭാരത് ജോഡോ യാത്ര സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങളും വേദനകളും തുറന്നു പറയാൻ അവസരമൊരുക്കി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്നാണ് ഡൽഹി പോലീസിന്റെ നീക്കത്തിൽ നിന്ന് വ്യക്തമാകുന്നത്. അദാനി വിഷയത്തിൽ നരേന്ദ്ര മോദിക്കുള്ള പങ്ക് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നതിൽ അദ്ദേഹത്തിന് ഭയമുണ്ട്. ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണമതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത്തരം നീക്കങ്ങൾക്ക് തങ്ങളെ തകർക്കാൻ സാധിക്കില്ലെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തുടരുമെന്നും ഖാർഗെ വ്യക്തമാക്കി. എന്നാൽ, അക്രമത്തിനിരയായവരുടെ വിവരങ്ങൾ രാഹുൽ ഗാന്ധി വെളിപ്പെടുത്തിയാൽ മാത്രമല്ലേ സ്ത്രീകൾക്ക് നീതി ലഭിക്കൂ എന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം.