നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ഡിഎ)യുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം റദ്ദാക്കിയ നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമില്‍ പ്രചരിച്ചതായി വിവരം ലഭിച്ചതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയത്തിലെ വ്യാജ പ്രചാരണങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ഒഴിവാക്കണം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കരുത് എന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തില്‍, ബിഹാര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണ്. പട്നയില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തുകയാണ്. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിശ്വസനീയമായ വിവരങ്ങളെത്തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സ്വമേധയാ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയായിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുവരെ പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
തത്കാലം പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാള്‍ പറഞ്ഞു. 'ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു 'പരാതികളൊന്നും ലഭിച്ചിട്ടില്ല, എന്നാല്‍ ഏജന്‍സികളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പരീക്ഷയുടെ വിശ്വാസ്യതയില്‍ വിട്ടുവീഴ്ച ചെയ്തതായി സൂചിപ്പിച്ചു. വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്വമേധയായാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്'- ഗോവിന്ദ് ജയ്സ്വാള്‍ പറഞ്ഞു.
പരീക്ഷയുടെ പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററിന് കീഴിലെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കേന്ദ്രത്തിന് കൈമാറിയത് എന്നാണ് വിവരം. ഇവ വിലയിരുത്തിയാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രാജ്യത്തെ 4750 കേന്ദ്രങ്ങളിലായി ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് നീറ്റ് യുജി പരീക്ഷയെഴുതിയത്. ജൂണ്‍ 14നു പുറത്തുവരേണ്ട പരീക്ഷാഫലം ജൂണ്‍ നാലിന് തന്നെ പുറത്തുവിടുകയുണ്ടായി. മൂല്യനിര്‍ണയം സമയത്തിന് മുന്‍പേ പൂര്‍ത്തിയാക്കി എന്നതായിരുന്നു ഇതിനു ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) നല്‍കിയ വിശദീകരണം. പിന്നാലെയാണ്, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്രം നേരത്തെ സമ്മതിച്ചിരുന്നു.
പരീക്ഷാ ക്രമക്കേടിന് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പരീക്ഷയിലുണ്ടാകുന്ന നേരിയ അശ്രദ്ധപോലും ഗൗരവതരമാണെന്നു ചൂണ്ടിക്കാണിച്ച കോടതി വീഴ്ച സമയബന്ധിതമായി പരിഹരിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കും നോട്ടീസ് അയച്ചിരുന്നു. കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കുറ്റമറ്റതായി പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ''തെറ്റു സംഭവിച്ചാല്‍ അത് സമ്മതിക്കാനുള്ള ഉത്തരവാദിത്തം ടെസ്റ്റിങ് ഏജന്‍സി കാണിക്കണം. തെറ്റു പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ഥികള്‍ക്കും ഏജന്‍സിക്കും ആത്മവിശ്വാസം നല്‍കും. ഇത്തരം ഉത്തരവാദിത്തപൂര്‍ണമായ നടപടിയാണ് ഏജന്‍സിയില്‍ നിന്നു പ്രതീക്ഷിക്കുന്നത്'' - ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ് വി ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.