INDIA

പരീക്ഷാ ക്രമക്കേട്: വീഴ്ച മറയ്ക്കാന്‍ കര്‍ശന നടപടിയുമായി എന്‍ടിഎ, 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തു

നീറ്റ് യുജിസി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എന്‍ടിഎ നടപടികള്‍ ശക്തമാക്കിയത്

വെബ് ഡെസ്ക്

രാജ്യത്തെ ഉന്നത വിഭ്യാഭ്യാസ മേഖലയെ ആശങ്കയിലാക്കി പുറത്തുവന്ന നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കടുത്ത നടപടിയുമായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ). 63 നീറ്റ്-യുജി പരീക്ഷാർത്ഥികളെ ഡീബാര്‍ ചെയ്തു. ബീഹാറിലെ കേന്ദ്രങ്ങളില്‍ മെയ് 5ന് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളെയാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡീബാര്‍ ചെയ്തത്.

അതിനിടെ ഇന്ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷ വലിയൊരു വിഭാഗം വിദ്യാര്‍ഥികളും എഴുതിയില്ല. 1563 വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരീക്ഷയില്‍ 813 പേര്‍ (52 ശതമാനം ) മാത്രമാണ് പരീക്ഷ എഴുതിയത്. 750 പേര്‍ പരീക്ഷയില്‍ നിന്നും വിട്ടുനിന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഗ്രേസ് മാര്‍ക്ക് റദ്ദാക്കിയ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയായിരുന്നു എന്‍ടിഎ പുനഃപരീക്ഷ സംഘടിപ്പിച്ചത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, ഛണ്ഡീഗഡ് തുടങ്ങിയ മേഖലകളിലായിരുന്നു പരീക്ഷാ സെന്ററുകള്‍.

നീറ്റ് യുജിസി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എന്‍ടിഎ നടപടികള്‍ ശക്തമാക്കിയത്. പരീക്ഷാ ക്രമക്കേടില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണസംഘം അന്വേഷിച്ചിരുന്ന കേസ് ശനിയാഴ്ച രാത്രിയാണ് സിബിഐക്ക് കൈമാറിയത്. ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസും കേന്ദ്ര സംഘം ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്.

എന്നാല്‍, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തും എതിര്‍ത്തും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി. പ്രതിപക്ഷ പാര്‍ട്ടികളാണ് സിബിഐ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിക്കുന്നത്. മറ്റൊരു വ്യാപം കേസായി മാറാന്‍ നീറ്റ് പരീക്ഷാ ക്രമക്കേട് സാധ്യതയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ഉള്‍പ്പെടെ ആരോപിച്ചു. സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്. ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അന്വേഷണത്തെ സ്വാഗതം ചെയ്തു. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നതായും പറയുന്നു. അങ്ങനെയെങ്കില്‍ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ ലാത്തൂര്‍ ജില്ലയില്‍ സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്ന രണ്ട് അധ്യാപകരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. അധ്യാപകരില്‍ ഒരാള്‍ ലാത്തൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡില്‍ നിന്ന് ആറ് പേരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ദിയോഘറില്‍ വെച്ച് ജുണ്‍ 21 ന് ബിഹാര്‍ പോലീസാണ് ആറ് പേരെ പിടികൂടിയത്.

അതിനിടെ, പരീക്ഷ ക്രമക്കേടിന് പിന്നില്‍ സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപങ്ങള്‍ എടിഎ നിഷേധിച്ചു. എന്‍ടിഎയുടെ വെബ്‌സൈറ്റ്, വെബ്‌പോര്‍ട്ടല്‍ എന്നിവ പൂര്‍ണ സുരക്ഷിതമാണ്. ഹാക്കിങിനുള്ള സാധ്യതകള്‍ ഇല്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും എന്‍ടിഎ വിശദീകരിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ