INDIA

പരീക്ഷാ ക്രമക്കേട്: 'അന്വേഷണം സിബിഐയെ ഏല്‍പിച്ചത് വ്യാപം ആവര്‍ത്തിക്കാൻ'; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം

വെബ് ഡെസ്ക്

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറിയതിലൂടെ മറ്റൊരു 'വ്യാപം അഴിമതി'ക്ക് കേന്ദ്ര സര്‍ക്കാര്‍ കോപ്പുകൂട്ടുകയാണെന്നും ക്രമക്കേടുകള്‍ തേച്ചുമായ്ച്ച് കളയാനാണ് നീക്കമെന്നും പോളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

രാജ്യത്തിന്റെ ഉന്നത വിദ്യഭ്യാസരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികലനയങ്ങളാണ് ക്രമക്കേടുകളിലേക്ക് നയിച്ചതെന്നും നരേന്ദ്ര മോദി സര്‍ക്കാരുകള്‍ ഈ രംഗത്ത് നടപ്പാക്കിയ കേന്ദ്രവത്കരണത്തിന്റെയും, വാണിജ്യവത്കരണത്തിന്റെയും വര്‍ഗീയവത്കരണത്തിന്റെയും ദൂഷ്യഫലമാണ് ഈ ക്രമക്കേടുകളെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.

ആദ്യം നീറ്റ് പരീക്ഷയും പിന്നീട് നെറ്റ് പരീക്ഷയും ഇപ്പോള്‍ നീറ്റ് പിജി പരീക്ഷയും അനിശ്ചതകാലത്തേക്ക് റദ്ദാക്കിയതിലൂടെ യുവജനങ്ങളുടെ ഭാവി ഇരുട്ടിലാക്കുകയും ഒപ്പം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒന്നടങ്കം തകര്‍ച്ചയിലേക്കു തള്ളിയിടുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.

ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നു ചൂണ്ടിക്കാട്ടിയ പോളിറ്റ്ബ്യൂറോ കേന്ദ്രീകൃത നീറ്റ് പരീക്ഷാ സമ്പ്രദായം റദ്ദാക്കണമെന്നും നീറ്റ് പരീക്ഷകള്‍ നടത്താനുള്ള ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ സിപിഎം ആവശ്യപ്പെട്ടു.

അതേസമയം നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടറർ ജനറല്‍ (ഡിജി) സുബോധ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി കേന്ദ്ര സർക്കാർ. പ്രദീപ് സിങ് ഖരോള ഐഎഎസിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. പുതിയ ഡയറക്ടറിനെ ഉടൻ നിയമിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതിയെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് സമിതി ശിപാര്‍ശ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്