INDIA

ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി; തന്റെ വാക്കുകൾ വളച്ചൊടിച്ചു; കേംബ്രിഡ്ജ് വിവാദത്തില്‍ രാഹുല്‍ ഗാന്ധി

വെബ് ഡെസ്ക്

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്ന ബിജെപിയുടെ ആരോപണത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഒരിക്കലും വിദേശ മണ്ണിൽ ഇന്ത്യയെ അപമാനിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത് ചെയ്യുന്നതെന്നും ലണ്ടനിലെ ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷനുമായി സംവദിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.

തന്റെ കേംബ്രിഡ്ജ് പ്രഭാഷണത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നെയില്ലെന്നും കഴിഞ്ഞ 60 വർഷമായി രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഇന്ത്യയിൽ അഴിമതിയുടെ അതിപ്രസരമാണെന്നും പ്രധാനമന്ത്രിയാണ് വിദേശ രാജ്യങ്ങളിൽ ചെന്ന് പറയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ''ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല. ഒരിക്കലും ചെയ്യില്ല. എന്റെ വാക്കുകൾ ബിജെപി വളച്ചൊടിച്ചതാണ്. എന്നാൽ വിദേശത്ത് പോകുമ്പോൾ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്നതാണ് വസ്തുത-'' രാഹുൽ ഗാന്ധി പറഞ്ഞു.

''ഞാന്‍ ഒരിക്കലും എന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. അതില്‍ താല്‍പ്പര്യവുമില്ല, ബിജെപി എന്റെ വാക്കുകള്‍ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നത്. റേറ്റിങ്ങിനായി മാധ്യമങ്ങള്‍ അത് ഉപയോഗിച്ച് കളിയാക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ വിദേശത്ത് പോകുമ്പോള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യക്തിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി'' രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് നിലവിൽ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതിയാണുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ഇന്ത്യയിൽ ആക്രമിക്കപ്പെടുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണം ബിബിസി ഡോക്യുമെന്ററി തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യത്തിൽ മോദി സർക്കാർ കൈകടത്തുകയാണ്. ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുകയാണ്. ബിബിസി ഇത്തരം അടിച്ചമർത്തലുകൾ ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങൾ കഴിഞ്ഞ 9 വർഷമായി ഇത് അനുഭവിക്കുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. '21ാം നൂറ്റാണ്ടില്‍ കേള്‍ക്കേണ്ടതും പഠിക്കേണ്ടതും' എന്ന വിഷയത്തിലാിരുന്നു രാഹുല്‍ ഗാന്ധി സംസാരിച്ചത്. പെഗാസസ് ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും നരേന്ദ്ര മോദി ഇന്ത്യയ്ക്ക് മേൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെ ബി ജെ പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്