INDIA

377-ാം വകുപ്പ് റദ്ദാക്കി; പുരുഷന്മാർക്കെതിരായ ലൈംഗികാതിക്രമത്തിന് പുതിയ നിയമസംവിധാനത്തിൽ പരിരക്ഷയില്ല

വെബ് ഡെസ്ക്

പുരുഷന്മാർക്കെതിരായ ലൈംഗികാതിക്രമങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന വകുപ്പ് ഒഴിവാക്കി. ഇന്ത്യൻ ശിക്ഷാ നിയമം (ഐ പി സി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ തെളിവ് നിയമം എന്നിവ റദ്ദാക്കാനും പകരം പുതിയത് കൊണ്ടുവരാനുമുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമായാണ് 377-ാം വകുപ്പ് ഒഴിവാക്കുന്നത്. പുരുഷന്മാർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമങ്ങളായിരുന്നു 377-ാം വകുപ്പിൽ വ്യവസ്ഥ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 377 പ്രകാരം, "ഒരാൾ, ഏതെങ്കിലും പുരുഷനോ സ്ത്രീയോ മൃഗമോ ആയി പ്രകൃതി വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ജീവപര്യന്തമോ അല്ലെങ്കിൽ പത്തുവർഷം വരെയുള്ള തടവും പിഴയും ശിക്ഷയായി ലഭിക്കും."

പുതിയ മാറ്റങ്ങൾ അനുസരിച്ച്, ഒരു പുരുഷൻ സ്ത്രീയ്ക്കോ കുട്ടികൾക്കോ എതിരായി നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങൾ മാത്രമാണ് കുറ്റകൃത്യമായി പരിഗണിക്കുക. ഫലത്തിൽ, നിർദിഷ്ട നിയമം പുരുഷന്മാർക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷയൊന്നും വിഭാവനം ചെയ്യുന്നില്ല.

പുരുഷന് ലൈംഗികാതിക്രമത്തിന് വിധേയനായെന്ന് ഒരു സാഹചര്യത്തിലും അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉണ്ടായിരുന്നതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഇരകളാകാൻ സാധ്യതയുള്ള ഒരു വലിയ വിഭാഗം മാറ്റിനിർത്തിപ്പെടുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. നിയമം കൂടുതൽ വിശാലവും നീതിയുക്തവുമാകേണ്ടതുണ്ട്. 18 വയസ്സിന് ശേഷമൊരു ഒരു പുരുഷൻ ലൈംഗികാതിക്രമത്തിനിരയായാൽ അവർക്ക് രാജ്യത്തെ നിയമസംവിധാനത്തിൽ നിന്ന് സംരക്ഷണം ലഭിക്കില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നു.

2018 സെപ്റ്റംബർ ആറിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ സെക്ഷൻ 377ലെ ഉഭയ സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികതയെ ക്രിമിനൽ കുറ്റമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസ്താവിച്ചിരുന്നു. തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമായതിനാൽ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്നും സുപ്രീംകോടതി വിധിച്ചു. എന്നാൽ നിയമത്തിന്റെ മറ്റ് വശങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനും പകരം പുതിയത് കൊണ്ടുവരാനും ഉള്ള മൂന്ന് ബില്ലാണ് കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - 2023, ഭാരതീയ സാക്ഷ്യ ബിൽ - 2023 എന്നീ ബില്ലുകളാണ് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും