ഉദ്ഘാടനത്തെ ചൊല്ലി വിവാദങ്ങള്‍ മുറുകുമ്പോഴും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് നിലവിലെ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. കാഴ്ചയിലും കെട്ടിലും മട്ടിലും പേരിലുമെല്ലാം വ്യത്യസ്തതകള്‍ നിറഞ്ഞുനില്‍ക്കുന്നു.
പാര്‍ലമെന്റ് എന്ന പേര് തന്നെ മാറ്റാൻ ആലോചനയുണ്ട്. കൊളോണിയല്‍ ചിന്താഗതിയുടെ ബാക്കിപത്രമാകരുതെന്ന ലക്ഷ്യത്തോടെ ഒരു ഇന്ത്യന്‍ പേര് നല്‍കാനാണ് നീക്കം നടക്കുന്നത്. മഹാത്മാഗാന്ധി, ബിആര്‍ അംബേദ്കര്‍,സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ചാണക്യന്‍ തുടങ്ങിയവരുടെ കരിങ്കല്ലില്‍ കൊത്തിയെടുത്ത പ്രതിമകളും മന്ദിരത്തില്‍ സ്ഥാപിക്കും.
പ്രധാനമായും മൂന്ന് പ്രവേശന കവാടങ്ങളാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുള്ളത്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങനെയാണ് കവാടങ്ങളുടെ പേരുകള്‍. സംഖ്യകളിലാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രവേശന കവാടങ്ങളെ വിശേഷിപ്പിക്കുന്നത്.
സഭാ നടപടികളുടെ തത്സമയ സംപ്രേക്ഷണം നടക്കുമ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് അസാധ്യമാക്കും വിധമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഒരുക്കിയിരിക്കുന്നത്. ഇരുസഭകളിലേയും അധ്യക്ഷന്മാരുടെ ചെയര്‍ നിലവിലുള്ളതിനേക്കാള്‍ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യവരിയിൽ നിന്ന് ഒരടി താഴെയാണ് നടുത്തളം. അതിനാൽ തന്നെ ഇവിടെ നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ ക്യാമറയിൽ ലഭിക്കുന്നതിന് ബുദ്ധിമുട്ടാകും. പ്രതിഷേധങ്ങളെ മറികടക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നടപടി.
പുതിയ പാർലമെന്റ് മന്ദിരം പ്രവർത്തനം തുടങ്ങുമ്പോൾ നിലവിലെ പാർലമെന്റിനെ 'ജനാധിപത്യത്തിന്റെ മ്യൂസിയം' എന്ന ആശയത്തിലേക്ക് മാറ്റിയെടുക്കാനാണ് കേന്ദ്ര നീക്കം.
പുതിയ പാര്‍ലമെന്റ് മന്ദിരം ഈമാസം 28ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്.