ബിഹാറിൽ മഹാസഖ്യ സർക്കാർ വീണ്ടും വിവാദത്തിൽ. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാർ സർക്കാരിന്റെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് പുതിയ വാദപ്രതിവാദങ്ങള്‍. പരിസ്ഥിതി - വനംവകുപ്പ് മന്ത്രിയായ ലാലുവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ശൈലേഷ് പങ്കെടുത്തത്. ലാലുവിന്റെ മൂത്തമകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതിയുടെ ഭർത്താവാണ് ശൈലേഷ് കുമാർ.
ഉപമുഖ്യമന്ത്രിയും ലാലുവിന്റെ ഇളയമകനുമായ തേജസ്വി യാദവ്, സഞ്ജയ് യാദവ് എന്ന പാർട്ടി പ്രവർത്തകന്റെ സാന്നിധ്യത്തിൽ റോഡ് നിർമ്മാണ വകുപ്പിന്റെ യോഗം ചേരുന്ന ദൃശ്യങ്ങൾ വിവാദമായതിന് തൊട്ടു പിന്നാലെയാണ് പുതിയ സംഭവം. പുതിയ സാഹചര്യം മഹാസഖ്യ സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി.
സര്‍ക്കാരിന്റെ ഔദ്യോഗിക യോഗങ്ങളിലെല്ലാം തേജ് പ്രതാപ് തന്റെ സഹോദരി ഭർത്താവിനെ ഉൾപ്പെടുത്തുന്നത് പതിവാക്കുമോയെന്ന് ബിജെപി രാജ്യസഭാംഗവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി ചോദിച്ചു.
"ആർ ജെ ഡി അടിസ്ഥാനപരമായി ഒരു കുടുംബവാഴ്ചയുള്ള രാഷ്ട്രീയ പാർട്ടിയാണ്. കുടുംബത്തിന് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി മാത്രം ജാതി, മതം എന്നിവയെ കൂട്ടുപിടിച്ച് എല്ലാത്തരം രാഷ്ട്രീയ നാടകങ്ങളും അതിന്റെ നേതാക്കൾ നടത്താറുണ്ട്. ലാലു പ്രസാദിന്റെ കുടുംബത്തിലെ ഏറ്റവും അറിവുള്ള വ്യക്തി ശൈലേഷാണെന്നാണ് ആർജെഡി വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ തേജ് പ്രതാപ് യാദവ് തന്റെ ഭാര്യാസഹോദരൻ ശൈലേഷിനെ ഔദ്യോഗിക യോഗത്തിൽ പങ്കെടുപ്പിച്ചതിനെ ഞാൻ അഭിനന്ദിക്കുന്നു.” ബിജെപി നേതാവ് നിഖിൽ ആനന്ദ് പരിഹസിച്ചു.
കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേ ഔദ്യോഗിക യോഗത്തില്‍ മകനെ പങ്കെടുപ്പിച്ചതാണ് പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള ആര്‍ജെഡിയുടെ പ്രധാന മറുപടി. ഒപ്പം മുന്‍മന്ത്രിയും ബിജെപി എംഎല്‍എയുമായ നിതിൻ നബിൻ, ഭാര്യയെ സര്‍ക്കാര്‍ ചര്‍ച്ചയുടെ ഭാഗമാക്കിയതും ആര്‍ജെഡി ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, ജെഡിയു മന്ത്രി അശോക് ചൗധരി ആര്‍ജെഡിയെ പിന്തുണച്ച് രംഗത്തെത്തി. വലിയ വിവാദമാക്കാനുള്ള പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് തേജ് പ്രതാപിനേയും തേജസ്വി യാദവിനേയും പിന്തുണച്ചുകൊണ്ട് അശോക് ചൗധരി പറഞ്ഞത്. എന്നാല്‍ ശൈലേഷ് കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.