INDIA

നാല് വര്‍ഷത്തിനുശേഷം നിയമ കമ്മീഷന്‍ പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ഏകീകൃത സിവില്‍ കോഡ്

കര്‍ണാടകയില്‍ ഹിജാബ് വിലക്കി വിധി പുറപ്പെടുവിച്ച ജഡ്ജി ജസ്റ്റിസ് ഋതുരാജ് അവസ്തിയാണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍

വെബ് ഡെസ്ക്

നാല് വര്‍ഷത്തിനുശേഷം 22ാം നിയമ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച രാത്രിയോടെ, കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഋതുരാജ് അവസ്തിയെ കമ്മീഷന്‍ ചെയര്‍പേഴ്സണായി നിയമിച്ചതായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ടി ശങ്കര്‍, പ്രൊഫ. ആനന്ദ് പലിവല്‍, പ്രൊഫ ഡി പി വര്‍മ, പ്രൊഫ രാക ആര്യ, എം കരുണാനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്നത് പരിശോധിക്കുകയായിരിക്കും കമ്മീഷന്റെ പ്രഥമദൗത്യം. യുസിസി നടപ്പാക്കാന്‍ തയ്യാറെടുക്കുകയാണെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

21ാം നിയമ കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്ന സുപ്രീം കോടതി മുന്‍ ജസ്റ്റിസ് പി ബി സാവന്ത് വിരമിച്ച ശേഷം നിയമ കമ്മീഷന്‍ പുനസംഘടിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിമുഖത തുടരുകയായിരുന്നു. കമ്മീഷന്‍ പുനഃസംഘടിപ്പിക്കാത്തതിനെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിയമ കമ്മീഷന്‍ ഉടന്‍ പുനഃസംഘടിപ്പിക്കുമെന്നും യുസിസി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്നുമായിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്.

'മതേതര ജനാധിപത്യ റിപ്പബ്ലിക്ക്' എന്ന ഭരണഘടനയുടെ ആമുഖത്തിലുള്ള ലക്ഷ്യം ശക്തിപ്പെടുകയാണ് യുസിസിയുടെ ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വാദം. വ്യത്യസ്ത വ്യക്തി നിയമങ്ങളില്‍ നില്‍ക്കുന്ന സമുദായങ്ങളെ ഒരു നിയമത്തിന്റ കുടക്കീഴില്‍ ഒന്നിപ്പിക്കുകയാണ് ഉദ്ദേശ്യം. വിവിധ വ്യക്തി നിയമങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം അനിവാര്യമായ വിഷയത്തില്‍ വ്യക്തികളില്‍ നിന്നും അഭിപ്രായം മനസിലാക്കിയശേഷമായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. 21ാം കമ്മീഷന്‍ ഇക്കാര്യം പരിശോധിച്ചിരുന്നു. എന്നാല്‍ കമ്മീഷന്റെ കാലാവധി 2018ല്‍ അവസാനിച്ചതിനാല്‍ ഏകീകൃത സിവില്‍ കോഡ് 22ാം നിയമ കമ്മീഷന് മുന്നില്‍ വെക്കും. കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

വിവിധ നിയമ പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ ഉപദേശിക്കാനായാണ് മൂന്ന് വര്‍ഷത്തെ കാലാവധിക്ക് നിയമ കമ്മീഷനെ നിയമിക്കുന്നത്. എന്നാല്‍ 21-ാം കമ്മീഷന്റെ കാലാവധി 2018ല്‍ അവസാനിച്ചിട്ടും 2020 ഫെബ്രുവരിയിലാണ് പുതിയ കമ്മീഷന്റെ വിജ്ഞാപനം പുറത്തു വരുന്നത്. കോവിഡ് മഹാമാരിയാണ് നിയമ കമ്മീഷന്‍ രൂപീകരണം വൈകാന്‍ കാരണമായതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ തിടുക്കപ്പെട്ട് കമ്മീഷന്‍ പുനഃസംഘടിപ്പിക്കുന്നതിന് പിന്നില്‍ 2024ലെ പൊതു തിരഞ്ഞെടുപ്പാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2019ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപി മുന്നോട്ടുവെച്ച ആശയമാണ് പൊതു സിവില്‍ കോഡ്. യുസിസി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലും യുസിസി വാഗ്ദാനവുമായി ബിജെപി രംഗത്തുണ്ട്. ഗോവയിലെ പൊതു സിവില്‍ കോഡ് മാതൃകയില്‍ യുസിസി നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രചാരണം. യുസിസിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെങ്കിലും, ഗോവന്‍ മാതൃകയില്‍ പൊതു സിവില്‍ കോഡ് സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നാണ് ബിജെപിയുടെ പ്രചാരണം.

ബിജെപി സര്‍ക്കാരിന്റെ നയങ്ങളോട് ഒത്തുപോകുന്നവരാണ് പുതിയ നിയമ കമ്മീഷന്‍ അംഗങ്ങള്‍. കര്‍ണാടകയില്‍ ഹിജാബ് വിലക്കി വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് അവസ്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന അവസ്തി ചീഫ് ജസ്റ്റിസായി ഈ ജൂലൈ മൂന്നിനാണ് വിരമിച്ചത്. ലവ് ജിഹാദുണ്ടെന്ന് വിധി പ്രസ്താവിച്ച ജഡ്ജിയാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍. എന്നാല്‍, ലവ് ജിഹാദ് ആരോപണത്തില്‍ കഴമ്പില്ലെന്ന് കേരള ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് കണ്ടെത്തിയിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം