INDIA

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പ്രത്യേക നിയമം; ഡോക്ടര്‍മാരുടെ ആവശ്യത്തെ കേന്ദ്രം പിന്തുണയ്ക്കാന്‍ സാധ്യതയില്ലെന്ന് സൂചന

വെബ് ഡെസ്ക്

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരണമെന്ന ഡോക്ടര്‍മാരുടെ ആവശ്യത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പിന്തുണയ്ക്കാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. ഇത് ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫലപ്രദമായ സുരക്ഷാനടപടികള്‍ പരിശോധിക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുകയാണെന്നും പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇതിനുമുമ്പാകെ നിവേദനം നല്‍കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളിലെ സുരക്ഷാവിന്യാസത്തില്‍ 25 ശതമാനം വര്‍ധന ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. മാര്‍ഷല്‍മാരുടെ വിന്യാസവും അനുവദിക്കും.

ഡോക്ടര്‍മാര്‍ നേരിടുന്ന അക്രമങ്ങള്‍ക്ക് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് പരിഹാരമല്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബംഗാള്‍ ഉള്‍പ്പെടെ 26 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ചില നിയമനിര്‍മാണങ്ങളുണ്ട്. എന്നിട്ടും അക്രമസംഭവങ്ങള്‍ കേള്‍ക്കുന്നു. ബലാല്‍സംഗവും കൊലപാതകവും എവിടെയായാലും രാജ്യത്തെ നിയമംകൊണ്ട് പരിഹരിക്കപ്പെടണം. ഡോക്ടര്‍മാരുടെ സംരക്ഷണത്തിനായുള്ള ഒരു നിയമത്തിന് ഡോക്ടര്‍മാരും രോഗികളും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള സംഭവങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ. എല്ലാ സംഭവങ്ങളും ഉള്‍പ്പെടുത്താനാകില്ല. മെച്ചപ്പെട്ട സുരക്ഷയാണ് കാലഘട്ടത്തിന്‌റെ ആവശ്യം. കൂടാതെ സ്വീകരിക്കാവുന്ന നടപടികള്‍ പരിശോധിക്കാന്‍ ഒരു പാനല്‍ രൂപീകരിക്കുന്നുണ്ട്- ഉദ്യോഗസ്ഥന്‍ പറയുന്നു.

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ ആവശ്യം പാനല്‍ പരിഗണിക്കുമോ എന്ന ചോദ്യത്തിന് സാധ്യമായ എല്ലാ നടപടികളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമ്മിഷന്‍, സംസ്ഥാനം എന്നിവിടങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ സമിതിയിലുണ്ടാകും.

'ആരോഗ്യം ഒരു സംസ്ഥാനവിഷയമായതിനാല്‍ സംസ്ഥാനങ്ങളെ ബോര്‍ഡില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാനങ്ങള്‍ ഇത് പാലിക്കുന്നില്ലെങ്കില്‍ കേന്ദ്രം ഉപദേശം നല്‍കുന്നതില്‍ അര്‍ഥമില്ല. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പരിഹാരം കണ്ടെത്താന്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഡോക്ടര്‍മാരുടെ അസോസിയേഷനുകള്‍ കമ്മിറ്റിയില്‍ നിവേദനം നല്‍കണം' ഉദ്യോഗസ്ഥന്‍ പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലിയിലേക്ക് മടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയിലുടനീളമുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പ്രത്യേക നിയമം വേണമെന്നതാണ് ഇവരുടെ ആവശ്യം. രാജ്യവ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2019-ല്‍ ഒരു ബില്‍ തയ്യാറാക്കിയെങ്കിലും പാര്‍ലമെന്‌റില്‍ അവതരിപ്പിച്ചില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തിന് പത്ത് വര്‍ഷം തടവും പത്ത്‌ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ 2019-ലെ കരട്‌നിര്‍ദേശത്തിലുണ്ടായിരുന്നു. മഹമാരി സമയത്ത് എപ്പിഡെമിക് ഡിസീസ് ആക്ടില്‍ മാറ്റങ്ങല്‍ വരുത്തിക്കൊണ്ട് കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഏഴ് വര്‍ഷംവരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും