INDIA

'എല്ലാ മിശ്രവിവാഹങ്ങളും ലവ് ജിഹാദല്ല': വിദ്വേഷം പ്രചരിപ്പിക്കുന്ന വാർത്താ പരിപാടികൾക്കെതിരെ എൻബിഡിഎസ്എ

വെബ് ഡെസ്ക്

വിദ്വേഷം പ്രചരിപ്പിക്കുന്നതും സാമുദായിക സൗഹൃദത്തെ ബാധിക്കുന്നതുമായ വിവിധ വാർത്താപരിപാടികള്‍ക്കെതിരെ നടപടിയുമായി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി (എൻബിഡിഎസ്എ). റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രിയുടെ മേൽനോട്ടത്തിലുള്ള സമിതിയാണ് എൻബിഡിഎസ്എ. ഇതിന്റെ ഭാഗമായി അഞ്ച് വാർത്താ പരിപാടികളുടെ വിഡിയോകൾ നീക്കം ചെയ്യാൻ ടെലിവിഷൻ വാർത്താ ചാനലുകളായ ന്യൂസ് 18 ഇന്ത്യ, ടൈംസ് നൗ നവഭാരത്, ആജ് തക് എന്നിവയോട് ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റ് ഇന്ദ്രജീത് ഘോർപഡെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂസ് റെഗുലേറ്ററി ബോഡി വാർത്താ ചാനലുകൾക്കെതിരെ നടപടിയെടുത്തത്. ആരോപണവിധേയമായ വീഡിയോകള്‍ ഏഴ് ദിവസത്തിനകം നീക്കം ചെയ്യാനാണ് നിർദേശം.

ഒപ്പം ന്യൂസ് 18 ഇന്ത്യക്ക് 2022ൽ സംപ്രേഷണം ചെയ്ത മൂന്ന് ഷോകളുടെ പേരിൽ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അമൻ ചോപ്രയും അമീഷ് ദേവ്ഗനും അവതാരകരായിരുന്ന പരിപാടികൾ ആണ് ഇവ രണ്ടും. 2022ൽ ശ്രദ്ധ വാക്കറിനെ ലിവ്-ഇൻ പങ്കാളിയായ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയ സംഭവം ലവ് ജിഹാദുമായി ഇരുവരും ബന്ധപ്പെടുത്തിയിരുന്നു. ലവ് ജിഹാദിനെക്കുറിച്ച് സംപ്രേഷണം ചെയ്ത പരിപാടികളുടെ ഭാഗമായി ടൈംസ് നൗ നവഭാരതത്തിന് ന്യൂസ് റെഗുലേറ്ററി ബോഡി ഒരു ലക്ഷം രൂപ പിഴ ചുമത്തി.

അവതാരകൻ ഹിമാൻഷു ദീക്ഷിത് മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചതും വ്യത്യസ്ത മതങ്ങളിൽ നിന്നുള്ള വിവാഹങ്ങളെ ലവ് ജിഹാദായി പൊതുവൽക്കരിക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ടൈംസ് നൗ നവഭാരതിനെതിരെ പിഴ ചുമത്തിയത്. ഒപ്പം ആജ് തക്കിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാമാനവമി സമയത്തെ ആക്രമണ പ്രവർത്തനങ്ങളെ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വച്ചുള്ളതായി സാമാന്യവത്കരിച്ച സുധീർ ചൗധരി അവതാരകനായുള്ള പരിപാടിക്കാണ് താക്കീത് നൽകിയത്. ഈ വീഡിയോ നീക്കം ചെയ്യാൻ ചാനലിനോട് നിർദേശിക്കുകയും ചെയ്തു.

നടപടിക്ക് പുറമെ വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള എല്ലാ വിവാഹങ്ങളും ലവ് ജിഹാദാല്ലെന്നും സമിതി ഓർമപ്പെടുത്തി.

"പെൺകുട്ടിയെ വിവാഹത്തിനായി നിർബന്ധിക്കുകയോ കബളിപ്പിക്കുകയോ ചെയ്‌തെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ഒരു ഹിന്ദു പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട ആൺകുട്ടിയെ വിവാഹം കഴിച്ചത് ലവ് ജിഹാദിന് തുല്യമാകില്ല. ഇത്തരം ചില വിവാഹങ്ങൾക്കൊണ്ട് മാത്രം ഒരു സമൂഹത്തെ അത്തരത്തിൽ മുദ്രകുത്താൻ സാധിക്കില്ല. അതിനാൽ ഇത്തരം വിവാഹങ്ങൾക്ക് സമുദായത്തിന്റെ നിറം നൽകി സാമാന്യവൽക്കരിക്കുന്ന പ്രസ്താവനകൾ ഇറക്കാൻ പാടില്ല. ഏത് മതത്തിൽപ്പെട്ടവരായാലും ഓരോ പൗരനും മതങ്ങൾക്കതീതമായി ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാശമുണ്ട്," ഉത്തരവിൽ പറയുന്നു.

മതപരമായ സ്റ്റീരിയോടൈപ്പുകൾ രാജ്യത്തിൻ്റെ മതേതര ഘടനയെ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഭാവി പ്രക്ഷേപണങ്ങളിൽ "ലവ് ജിഹാദ്" എന്ന പദം അതീവ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും എൻബിഡിഎസ്എ നിർദേശിച്ചു.

നിഷ്പക്ഷത, വസ്തുനിഷ്ഠത, കൃത്യത എന്നിവയുമായി ബന്ധപ്പെട്ട് കോഡ് ഓഫ് എത്തിക്സ് & ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സിൻ്റെ ലംഘനങ്ങൾ പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്വേഷ പ്രസംഗം തടയുന്നതും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വർഗീയ വിവരണങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ ലംഘനങ്ങളും എൻബിഡിഎസ്എ ചൂണ്ടിക്കാണിച്ചു. മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള ഏത് വിഷയത്തിലും സംവാദം നടത്താൻ അവകാശമുണ്ടെങ്കിലും കുറച്ച് വ്യക്തികളുടെ പ്രവൃത്തികൾ മൂലം സമൂഹത്തെ മുഴുവൻ ലക്ഷ്യമിടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും എൻബിഡിഎസ്എ നിർദേശിച്ചിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും