INDIA

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത റിമാന്‍ഡില്‍; ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍

കേന്ദ്രസര്‍ക്കാരും ചില മാധ്യമങ്ങളും കെട്ടിച്ചമച്ച ആരോപണം മാത്രമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കിയിട്ടുണ്ട്

വെബ് ഡെസ്ക്

യുഎപിഎ ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ റിമാന്‍ഡ് ചെയ്തു. പ്രബീറിനേയും ഒപ്പം അറസ്റ്റിലായ എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയേയും ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റിഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഇന്നലെ ഡല്‍ഹി പോലീസ് പ്രത്യേക വിഭാഗം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനുശേഷമാണ് യുഎപിഎ നിയമപ്രകാരം പ്രബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവരെ കൂടാതെ ഉര്‍മിലേഷ്, അഭിഷേക് ശര്‍മ എന്നീ മാധ്യമപ്രവര്‍ത്തകരെ ലോധി റോഡിലെ പ്രത്യേക സെല്ലിന്റെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയിരുന്നെങ്കിലും ഇവരില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ വിദേശ യാത്രകള്‍, ഷഹീന്‍ ബാഗ് പ്രതിഷേധം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചായിരുന്നു പോലീസ് ചോദിച്ചത്.

ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തശേഷമാണ് അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനപരമായ നിലപാടുകള്‍ സ്വീകരിച്ചതിനുപിന്നാലെയൈണ് ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ കോമേഡിയന്‍ സഞ്ജയ് റജൗറ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. പ്രബീര്‍ പുരകായസ്തയെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജയ ഗുഹ തക്കുര്‍ത്ത, സഞ്ജയ് രാജൗറ, ഭാഷ സിങ്, ഉര്‍മിലേഷ്, അഭിസര്‍ ശര്‍മ്മ, ഔനിന്ദയോ ചക്രബര്‍ത്തി, എന്നിവരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.

2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവില്‍ റോയ്. കേസില്‍ നേരത്തെ അന്വേഷണമാരംഭിച്ച ഇ ഡി, സ്ഥാപനത്തിന്റെ ചില ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരും ചില മാധ്യമങ്ങളും കെട്ടിച്ചമച്ച ആരോപണം മാത്രമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നുംവിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ