യുഎപിഎ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്ക് ഹൈക്കോടതിയില്‍. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത, ന്യൂസ്‌ക്ലിക്ക് എച്ച് ആര്‍ മേധാവി അമിത് ചക്രബര്‍ത്തി എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി അടിയന്തരമായി ഇന്നുതന്നെ വാദം കേള്‍ക്കും. ന്യൂസ്‌ക്ലിക്കിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കോടതിയില്‍ ഹാജരായത്. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കപില്‍ സിബലിന്റെ ആവശ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതിഷ് ചന്ദ്ര ശര്‍മ അംഗീകരിക്കുകയായിരുന്നു.
ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റും മറ്റ് നടപടികളും തീര്‍ത്തും നിയമവിരുദ്ധമാണെന്നായിരുന്നു കോടതി മുമ്പാകെ കപില്‍ സിബല്‍ ഉയര്‍ത്തിയ പ്രധാന വാദം. ഇതോടെ വിഷയം ഇന്ന് തന്നെ പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യുകയായിരുന്നു.
ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കുവേണ്ടി ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ന്യൂസ്‌ക്ലിക്കിന് എതിരായ നടപടി. എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെയും എച്ച് ആര്‍ മേധാവിയെയും ബുധനാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ന്യൂയോര്‍ക്ക് ടൈംസ്' ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂസ് ക്ലിക്കിനെതിരായ നടപടി. 2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവില്‍ റോയ്. യു എസ് ടെക് ഭീമനായ നെവില്ലെ റോയ് സിംഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്ന് ന്യൂസ്‌ക്ലിക്ക് ഫണ്ട് സ്വീകരിക്കുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണം.
അതേസമയം, ഗുരുതര ആരോപണങ്ങള്‍ ചുമത്തുന്നയായിരുന്നു ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്ക്കെതിരെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ എഫ്‌ഐആര്‍. കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടു. ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഇതില്‍ പ്രധാനം.