ഏഴു മാസത്തെ തടവറവാസത്തിനു ശേഷം ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി. തിഹാര്‍ ജയിലില്‍ നിന്ന് ഇന്നു രാത്രിയാണ് അദ്ദേഹം പുറത്തിറങ്ങിയത്. പുരകായസ്തയെ ഡല്‍ഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും നിയമവിരുദ്ധമെന്നു വിധിച്ച സുപ്രീം കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയയ്ക്കണമെന്നും ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ജയില്‍ മോചിതനായത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പിറ്റേദിവസം റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പുരകായസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം അദ്ദേഹത്തിന് നല്‍കിയിട്ടില്ലെന്നാണ് ഇതിനര്‍ത്ഥം. അതുകൊണ്ട് അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്നാണ് ജസ്റ്റിസ് ബിആര്‍ ഗവായിയും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് ഇന്ന് വിധി പ്രസ്താവിച്ചത്.
ഡല്‍ഹി പോലീസിന്റെ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് പ്രബീര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പങ്കജ് ബന്‍സാല്‍ കേസിലെ സുപ്രീം കോടതി വിധി പ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ രേഖാമൂലം തനിക്ക് നല്‍കിയിട്ടില്ലെന്നും അറസ്റ്റിന് നിയമസാധുതയില്ലെന്നുമായിരുന്നു പ്രബീറിന്റെ വാദം.
ഹര്‍ജിയില്‍ നേരത്തെ വാദം കേള്‍ക്കുമ്പോഴും ഡല്‍ഹി പോലീസിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പ്രബീര്‍ പുരകായസ്തയെ തിടുക്കത്തില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ നടപടിയെ ചോദ്യം ചെയ്ത സുപ്രീം കോടതി, അങ്ങനെ ചെയ്യുന്നതിന് മുന്‍പ് എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിക്കാതിരുന്നതെന്ന് അന്ന് ചോദിച്ചിരുന്നു. പ്രബീറിനെ പുലര്‍ച്ചെ ആറിന് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയതിനെയും കോടതി ചോദ്യം ചെയ്തിരുന്നു.