ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കുട്ടി നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. അധ്യാപികയ്ക്കെതിരെ സ്വീകരിച്ച നടപടി, ഇരയായ വിദ്യാര്‍ഥിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം, എഫ് ഐ ആറിന്റെ വിവരങ്ങള്‍ വിശദമാക്കിക്കൊണ്ട്് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൂടാതെ ഭാവിയില്‍ ഇത്തരം ലജ്ജാകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഓഗസ്റ്റ് 25 നാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചിന്റെ ഗുണനപ്പട്ടിക പഠിച്ചില്ലെന്നാരോപിച്ച് ഏഴ് വയസുകാരനെ സഹപാഠികളെ കൊണ്ട് നിരന്തരം മുഖത്തടിപ്പിക്കുകയായിരുന്നു. തൃപ്ത ത്യാഗി എന്ന അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
അതേസമയം തന്റെ നടപടിയിൽ വർഗീയ താത്പര്യങ്ങളില്ലെന്ന വാദവുമായി അധ്യാപിക തൃപ്ത ത്യാഗി രംഗത്തെത്തി. കുട്ടിയെ സഹപാഠികളെകൊണ്ട് അടിപ്പിച്ചതില്‍ തെറ്റ് പറ്റിയിട്ടുണ്ടാകാം എന്നാൽ യാതൊരുതരത്തിലുമുള്ള മതചിന്തയും ഉണ്ടായിരുന്നില്ലെന്ന് അധ്യാപിക വിശദീകരിക്കുന്നു. ഗുണനപ്പട്ടിക പഠിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. തനിക്ക് എഴുന്നേൽക്കാൽ സാധിക്കാത്തതിനാലാണ് സഹപാഠികളെകൊണ്ട് ശിക്ഷിച്ചതെന്നും തൃപ്ത ത്യാഗി പറഞ്ഞു. എന്നാല്‍ അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതുവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.