രാജ്യത്തെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഗുണ്ടാ സംഘങ്ങള്‍ തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് റെയ്ഡ്.
ഗുണ്ടാ സംഘങ്ങൾക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നും വിവരം
തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്നു മാഫിയകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചില സംഘങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുവെന്നുമുള്ള വിവരമാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്.
ലോറന്‍സ് ബിഷ്‌ണോയി, നീരജ് ബവാന, തില്ലു താജ്പുരിയ എന്നിവരുള്‍പ്പെടെയുള്ള ആറ് ഗുണ്ടാ തലവന്‍മാരെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് കേന്ദ്ര ഏജന്‍സി വ്യാപക റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുപ്രസിദ്ധ ഗുണ്ടയാണ് ലോറന്‍സ് ബിഷ്‌ണോയ്.
ഒക്ടോബറില്‍ ഡല്‍ഹിയിലടക്കം അഞ്ച് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു
ഒക്ടോബറില്‍ ഡല്‍ഹിയിലടക്കം അഞ്ച് സംസ്ഥാനങ്ങളിലായി 52 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടന്നിരുന്നു. റെയ്ഡില്‍ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകന്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹിയിലെ ഉസ്മാന്‍പൂര്‍ പ്രദേശത്തെ ഗൗതം വിഹാര്‍ സ്വദേശിയായ ആസിഫ് ഖാനാണ് അറസ്റ്റിലായ അഭിഭാഷന്‍. ആസിഫിന്റെ താമസ്ഥലത്ത് നടന്ന റെയ്ഡില്‍ നിന്ന് നാല് ആയുധങ്ങളും പിസ്റ്റലുകളും വെടിമരുന്നുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് ഏജന്‍സി ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ആസിഫിന് തടവുകാരായ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതായി എന്‍ഐഎ വ്യക്തമാക്കി. ഹരിയാനയില്‍ നിന്നും ഒരു ഗുണ്ടയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയായിരുന്നു അന്നത്തെ റെയ്ഡ്.
ജയിലിനകത്തും പുറത്തും ഗുണ്ടകള്‍ തമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവിധ തരത്തിലുള്ള ക്രിമിനല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുണ്ടാനേതാക്കളെയും കുറ്റവാളികളെയും ഗുണ്ടാ അണികള്‍ സഹായിക്കുന്നതായി ഏജന്‍സി അറിയിച്ചു.