INDIA

രാജ്യത്തെ 76 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്; ഖലിസ്ഥാന്‍ ബന്ധമുള്ള ആറുപേര്‍ അറസ്റ്റില്‍

പഞ്ചാബ്, ഡൽഹി, ഹരിയാന, യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന

വെബ് ഡെസ്ക്

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡിൽ ആറുപേർ അറസ്റ്റിൽ. ഏഴു സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 76 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഖലിസ്ഥാന്‍ ഭീകരരുടെ പട്ടികയിലുള്ള, കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർഷദീപ് സിങ് ഗില്ലെന്ന അര്‍ഷ് ദല്ലയുടെ അടുത്ത അനുയായി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതായി എൻഐഎ അറിയിച്ചു. പാകിസ്താൻ, കാനഡ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് കടത്തുന്നവർ, തീവ്രവാദ ഗ്രൂപ്പുകൾ എന്നിവരെ ലക്ഷ്യം വച്ചായിരുന്നു റെയ്ഡ്.

അര്‍ഷ് ദല്ലയുമായി അടുത്ത ബന്ധമുള്ള ലക്കി ഖോഖർ, ലഖ്‌വീർ സിങ്, ഹർപ്രീത്, ദലിപ് ബിഷ്‌ണോയ്, സുരേന്ദ്ര ചൗധരി, ഹരി ഓം എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഹരി ഓമും ലഖ്‌വീറും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നതായി എൻ ഐ എ ആരോപിച്ചു. പൊതുജനങ്ങളിൽ ഭയം സൃഷ്ടിക്കുന്നതിനായി കുറ്റകൃത്യങ്ങൾ പരസ്യമാക്കാനും സാമൂഹ മാധ്യമങ്ങൾ ഇവർ ഉപയോഗിച്ചിരുന്നെന്നാണ് കണ്ടെത്തല്‍. കുപ്രസിദ്ധ കുറ്റവാളിയും ഇതേ കേസിൽ നേരത്തെ അറസ്റ്റിലായ ഛോട്ടു റാം ഭട്ടിന്റെ കൂട്ടാളിയുമായ ലഖ്‌വീറിന്റെ പക്കൽ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായും എൻഐഎ അറിയിച്ചു.

വിവിധ ജയിലുകളിൽ കഴിയുന്ന കുറ്റവാളികളുമായി ചേർന്ന് പുറം രാജ്യങ്ങളിൽ നിന്ന് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നു.
എന്‍ ഐ എ

പഞ്ചാബ്, ഡൽഹി, ഹരിയാന, യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. സംഘങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആയുധ വിതരണക്കാരെയും ഹവാല ഇടപാടുകാരെയും കേന്ദ്രീകരിച്ചുള്ള റെയ്ഡുകളിൽ അനധികൃതമായി ശേഖരിച്ച ആയുധങ്ങളും 2.5 കോടി രൂപയും കണ്ടെടുത്തു. രേഖകളും ഹാര്‍ഡ് ഡ്രൈവുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അന്വേഷണവുമായി ബന്ധപ്പെട്ട് 2022 ഓഗസ്റ്റ് മുതൽ മൂന്ന് കേസുകളാണ് എൻഐഎ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചില കബഡി താരങ്ങളെ ഉൾപ്പെടെ നിരവധി പേരെർ തീവ്രവാദത്തിലും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടതായി ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ ബിസിനസുകാരെയും പ്രൊഫഷണലുകളെയും ലക്ഷ്യം വച്ചുള്ള കൊള്ളയടിക്കലുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുള്ളതായി എൻഐഎ ചൂണ്ടിക്കാട്ടിയിരുന്നു.

അര്‍ഷ് ദല്ലയ്ക്കായി ഇന്ത്യയുടെ ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, ഐഇഡികൾ തുടങ്ങിയവ കടത്തുന്നതിനായി ലക്കി ഖോഖർ പ്രവർത്തിച്ചിരുന്നു. ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ, ബബ്ബർ ഖൽസ ഇന്റർനാഷണൽ, ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് ഉൾപ്പെടെ നിരവധി ഖലിസ്ഥാൻ ഭീകര സംഘടനകൾക്ക് വേണ്ടിയാണ് ഇതെല്ലാം കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എൻഐഎ അറിയിച്ചു.

ഇന്ത്യയിലെ ഗുണ്ടാസംഘങ്ങൾക്ക് നേതൃത്വം നൽകുന്ന നിരവധി ക്രിമിനലുകൾ പാകിസ്താൻ, കാനഡ, മലേഷ്യ, ഫിലിപ്പീൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ അറിയിച്ചു. ഇവര്‍ പുറം രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതായി കണ്ടെത്തിയതായും എന്‍ഐഎ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ