H.FUJIMAKI
INDIA

നിജ്ജർ വധം: 'ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയത് ട്രൂഡോ, കൊലപാതകം തെറ്റായ കാര്യം'; ആരോപണങ്ങള്‍ തള്ളി ഇന്ത്യൻ ഹൈക്കമ്മിഷണർ

2023 ജൂണ്‍ 18നായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍ ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെടുന്നത്

വെബ് ഡെസ്ക്

ഖലിസ്താനി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമ. ആരോപണങ്ങളുന്നയിച്ചതിലൂടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയെന്നും വർമ പറയുന്നു. സിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വർമയുടെ പ്രതികരണം. കാനഡയുടെ വാദങ്ങള്‍ക്കു പിന്നാലെ വർമയുള്‍പ്പെടെയുള്ള നയതന്ത്രജ്ഞരെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു.

2023 ജൂണ്‍ 18നായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍വെച്ച് നിജ്ജർ കൊല്ലപ്പെടുന്നത്. ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ കാനഡയ്ക്കു കഴിഞ്ഞിട്ടില്ലെന്നും രാഷ്ട്രീയനേട്ടമാണ് ലക്ഷ്യമെന്നും വർമ പറഞ്ഞു.

തെളിവിനേക്കാള്‍ ഉപരിയായി ട്രൂഡോ ആശ്രയിക്കുന്നത് ഇന്റലിജൻസിനെയാണെന്നും വർമ ആരോപിച്ചു. "തെളിവുകളാണ് ആദ്യം പങ്കുവെക്കേണ്ടത്. ഇതിനുപകരമായി പാർലമെന്റിലെത്തി തെളിവില്ലെന്ന് വ്യക്തമായി പറഞ്ഞകാര്യം അവതരിപ്പിക്കുകയാണ് ട്രൂഡോ ചെയ്തത്. ആ ദിവസത്തിനുശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം മോശമാകുന്നെന്ന് ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു," വർമ കൂട്ടിച്ചേർത്തു.

കാനഡയിലെ സിഖ് വിഘടനവാദികളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന ഗുരുതര ആരോപണമാണ് ട്രൂഡോയും കനഡേയിൻ പോലീസും ഉന്നയിച്ചത്. ലോറൻസ് ബിഷ്ണോയ് പോലുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കു കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ വിവരങ്ങള്‍ കൈമാറുന്നതായും പോലീസ് ആരോപിക്കുന്നു. എന്നാല്‍, കാനഡയുടെ വാദങ്ങളെയെല്ലാം തള്ളുന്നതായിരുന്നു ഇന്ത്യയുടെ നിലപാടുകള്‍.

ഖലിസ്താൻ വിഘടനവാദികള്‍ക്കെതിരെ മൃദുസമീപനം സ്വീകരിക്കുന്നതില്‍ പലപ്പോഴും കാനഡയെ ഇന്ത്യ വിമർശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന സംഘടനയ്ക്ക് കാനഡയിലെ സിഖ് സമൂഹത്തിനിടയില്‍ സ്വീകാര്യതയുണ്ട്. വിഘടനവാദികളെ ഒരിക്കലും ലക്ഷ്യം വെച്ചിട്ടില്ലെന്നും വർമ അഭിമുഖത്തില്‍ പറയുന്നുണ്ട്. കൊലപാതകം തെറ്റായ ഒരു കാര്യമാണെന്നാണ് വർമ നല്‍കുന്ന വിശദീകരണം.

നിജ്ജർ കൊലപാതകവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ ബന്ധം മോശമായത്. വിഷയത്തില്‍ കാനഡയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടാണ് അമേരിക്കയും ന്യൂസിലൻഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്. കാനഡ ഉയർത്തിയ ആരോപണങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും അന്വേഷണത്തിന് ഇന്ത്യ തയാറാകേണ്ടതാണെന്നും അമേരിക്ക വ്യക്തമാക്കി.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം