INDIA

നിഖിൽ കുമാരസ്വാമിയും രാജിവച്ചു; ജനതാദൾ എസിൽ പൊട്ടിത്തെറി

സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിന്റെ രാജിക്ക് പിന്നാലെയാണ് യുവജനതാദൾ അധ്യക്ഷ പദം നിഖിൽ ഒഴിഞ്ഞത്

ദ ഫോർത്ത് - ബെംഗളൂരു

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് കർണാടക ജെഡിഎസിൽ പൊട്ടിത്തെറി. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം രാജിവച്ചതിന് പിന്നാലെ യുവജനതാദൾ അധ്യക്ഷൻ നിഖിൽ കുമാരസ്വാമിയും പദവി ഒഴിഞ്ഞു. പാർട്ടി ദേശീയ നിർവാഹക സമിതിയോഗത്തിന് മുന്നോടിയായാണ് നിഖിലും സി എം ഇബ്രാഹിമും രാജി സമർപ്പിച്ചത്.

തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനം, തന്നെ വേദനിപ്പിച്ചെന്നും കൂടുതൽ ശക്തരായവർ യുവജനതാദളിനെ നയിച്ച് വിജയത്തിലെത്തിക്കട്ടെയെന്നുമാണ് നിഖിൽ രാജി കത്തിലൂടെ പറയുന്നത്. ബുധനാഴ്ച പദവി ഒഴിഞ്ഞ സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിമിനാണ് നിഖിൽ കുമാരസ്വാമി രാജി കത്തയച്ചത്.

പാർട്ടിയുടെ അധ്യക്ഷ പദത്തിൽ കൂടുതൽ ചെറുപ്പമായ ആരെയെങ്കിലും പ്രതിഷ്ഠിക്കാൻ ജെഡിഎസ് ഉദ്ദേശിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയായിരുന്നു സി എം ഇബ്രാഹിമിന്റെ രാജി. കർണാടക ഉപരിസഭയുടെ അധ്യക്ഷ പദവി നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷമായിരുന്നു കോൺഗ്രസ് വിട്ട് സി എം ഇബ്രാഹിം എന്ന കൂത്തുപറമ്പുകാരൻ ജെഡിഎസിൽ ചേക്കേറിയത്. ഓൾഡ് മൈസൂരു മേഖലയിലെ ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണം ലക്ഷ്യം വച്ചായിരുന്നു ജനതാദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ അദ്ദേഹത്തെ അധ്യക്ഷ പദവിയിൽ ഏറ്റിയത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജെഡിഎസിന് വെറും 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

ഓൾഡ് മൈസൂരു മേഖലയിലെ ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണം ലക്ഷ്യം വച്ചായിരുന്നു ജനതാദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ അദ്ദേഹത്തെ അധ്യക്ഷ പദവിയിൽ ഏറ്റിയത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ടിയയിൽ നിന്ന് ജനവിധി തേടി പരാജയപ്പെട്ട നിഖിൽ കുമാരസ്വാമി ഇത്തവണ നിയമസഭയിലേക്ക് രാമനഗരയിൽ നിന്ന് ജനവിധി തേടിയിരുന്നു. എന്നാൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. തിരഞ്ഞെടുപ്പിന് ആറ് മാസങ്ങൾക്ക് മുൻപ് നിഖിൽ, മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. 'അമ്മ അനിത കുമാരസ്വാമിയുടെ സിറ്റിങ് സീറ്റായിരുന്നിട്ടും മണ്ഡലം കൈവിട്ടതിന്റെ ആഘാതത്തിലാണ് നിഖിലിന്റെ രാജി.

കർണാടകയിൽ തൂക്കുസഭ വരുമെന്ന് കണക്കുകൂട്ടിയായിരുന്നു ഇത്തവണയും ജെഡിഎസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്‌. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസോ ബിജെപിയോ സഹായം തേടിയാൽ നിഖിൽ കുമാരസ്വാമിക്ക് ഉപമുഖ്യമന്ത്രി പദവി ചോദിച്ച് വിലപേശണം എന്നായിരുന്നു ഗൗഡ പരിവാർ ലക്ഷ്യം വച്ചത്. പ്രതീക്ഷ അസ്ഥാനത്തായതോടെ കുടുംബവാഴ്ചയുടെ പേരിൽ പാർട്ടി പ്രവർത്തകർക്കിടയിൽ നിന്ന് കൂടുതൽ വിമർശനം നേരിടുകയാണ് ദേവഗൗഡ കുടുംബം. ഗൗഡ കുടുംബത്തിൽ നിന്ന് ഏഴ് പേരായിരുന്നു ഇക്കഴിഞ്ഞ കാലം വരെ നിയമനിർമാണ സഭയിൽ അംഗമായിരുന്നത്. നിലവിൽ എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി, എച്ച് ഡി രേവണ്ണ, പ്രജ്വൽ രേവണ്ണ, സൂരജ് രേവണ്ണ തുടങ്ങിയവർ നിയമനിർമാണ സഭകളിൽ അംഗങ്ങളാണ്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി