INDIA

മലയാളി വിദ്യാർഥികൾക്ക് നിയന്ത്രണം; നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മധ്യപ്രദേശിലെ സർവകലാശാല

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പ്രോക്ടര്‍ ഓഫീസ്

സൗമ്യ ആർ കൃഷ്ണ

കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി. മധ്യപ്രദേശിലെ അമര്‍കണ്ടകിലുള്ള സര്‍വകലാശാലയിലെ പ്രോക്ടോറിയല്‍ ബോര്‍ഡാണ് മലയാളി വിദ്യാര്‍ഥികളില്‍ നിന്നും നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.

കേരളത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ നിപ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചില്ലെങ്കില്‍ സര്‍വകലാശാലയില്‍ പ്രവേശനം അനുവദിക്കില്ലെന്ന് പ്രോക്ടര്‍ ഓഫീസ് പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു. സര്‍വകലാശാല പ്രോക്ടര്‍ പ്രൊഫ എം ടി വി നാഗരാജ് ഒപ്പുവെച്ച നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പത്തോളം കോഴ്സുകളില്‍ മുന്നൂറോളം മലയാളി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

പ്രോക്ടര്‍ ഓഫീസ് പുറപ്പെടുവിച്ച നോട്ടീസിന്റെ പകർപ്പ്
Proctor Office letter no. 224 Dated. 14.Sept. 2023.pdf
Preview

ഭോപാലില്‍ നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെ ആദിവാസി മേഖലയിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. സര്‍വകലാശാലയ്ക്ക് സമീപം ആശുപത്രിയോ ലാബ് സൗകര്യങ്ങളോ ഇല്ലെന്നും മലയാളിയായ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദി ഫോര്‍ത്തിനോട് പറഞ്ഞു. സെമസ്റ്റര്‍ ബ്രേക്കിന് ശേഷം കഴിഞ്ഞ ദിവസമാണ് മലയാളി വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശിപ്പിക്കില്ലെന്ന അറിയിപ്പ് ലഭിക്കുന്നത്. ഇതോടെ എന്ത് ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ഇന്നും നാളെയുമായി ഇതേ സര്‍വകലാശാലയില്‍ ബിരുദ ബിരുദാനന്തര സീറ്റുകളിലേക്ക് നടക്കുന്ന കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാനായി ഏതാണ്ട് അന്‍പതിനടുത്ത് മലയാളികള്‍ മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചിരുന്നു. നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്ന് അറിയിച്ചതോടെ ഇവരില്‍ പലർക്കും മടങ്ങിപോകേണ്ടിവന്നു. അതേസമയം, സർവകലാശാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരു വിഭാഗം വിദ്യാർഥികള്‍ ഈ നിർദേശമറിയുന്നത്. നിപ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ വഴിയിലെവിടെയും ലഭ്യമല്ലാത്തതിനാല്‍ ഇവരുടെ യാത്രയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ