ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലസീതാരാമന്‍. ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വനിതാ കേന്ദ്രമന്ത്രിയാണ് നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിച്ചതും ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രിയും നിര്‍മല സീതാരാമനാണ്.
പുതിയ ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന ധനകാര്യമന്ത്രിയുടെ റെക്കോര്‍ഡുകള്‍ അറിയാം
1. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച വനിതാ ധനകാര്യമന്ത്രി
നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ കേന്ദ്ര ബജറ്റ് അവതരണമാണ് ഫെബ്രുവരി ഒന്നിന് നടന്നത്. പത്ത് പ്രാവശ്യം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി. പി ചിദംബരം 9 ബജറ്റും, പ്രണബ് മുഖര്‍ജി 8 ബജറ്റും അവതരിപ്പിച്ചിട്ടുണ്ട്.
യശ്വന്ത് സിന്‍ഹ, യശ്വന്ത്‌റാവു ചവാന്‍, സി ഡി ദേശ്മുഖ് എന്നിവര്‍ 7 ബജറ്റുകള്‍ വീതവും മന്‍മോഹന്‍ സിംഗും ടി ടി കൃഷ്ണമാചാരിയും 6 ബജറ്റും അവതരിപ്പിച്ചിട്ടുണ്ട്.
2. ചരിത്രത്തിലെ നീണ്ട ബജറ്റ് പ്രസംഗം
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ബജറ്റ് പ്രസംഗം അവതരിപ്പിച്ച ധനകാര്യമന്ത്രിയെന്ന റെക്കോര്‍ഡും നിര്‍മല സീതാരാമനാണ്. 2020 ഫെബ്രുവരി 1ല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റ് അവതരണത്തിന്റെ ദൈര്‍ഘ്യം 165 മിനിറ്റാണ്. ബജറ്റ് അവതരണത്തിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ അവസാനത്തെ രണ്ട് പേജ് വായിച്ചിരുന്നില്ല. ജൂലൈ 2019 ലെ 2 മണിക്കൂര്‍ 17 മിനിറ്റ് സമയമെടുത്ത ബജറ്റ് പ്രസംഗത്തിന്റെ സ്വന്തം റെക്കോര്‍ഡ് തന്നെയാണ് 2020ല്‍ നിര്‍മല സീതാരാമന്‍ മറികടന്നത്.
ഏറ്റവും കൂടുതല്‍ വാക്കുകളുള്ള ബജറ്റ് അവതരണം മന്‍മോഹന്‍ സിംഗിന്റേതാണ്. നരസിംഹ റാവു സര്‍ക്കാരിന്റെ കീഴില്‍ 1991ലാണ് 18,650 വാക്കുകകളുള്ള ബജറ്റ് അവതരിപ്പിച്ചത്. 2020 ലെ നിര്‍മല സീതാരാമന്റെ ബജറ്റില്‍ 13,275 വാക്കുകളാണ് ഉണ്ടായിരുന്നത്.
3. പേപ്പര്‍ലെസ് ബജറ്റ്
2021ല്‍ കോവിഡ് സാഹചര്യത്തിലായിരുന്നു നിര്‍മല സീതാരാമന്‍ പേപ്പര്‍ രഹിത ബജറ്റ് അവതരിപ്പിച്ചത്. ആളുകള്‍ തമ്മിലുള്ള ശാരീരിക സമ്പര്‍ക്കം കുറയ്ക്കുന്നതിനായിരുന്നു പേപ്പര്‍ രഹിത ബജറ്റ് അവതരണം സ്വീകരിച്ചത്. 2021-22ലെ കേന്ദ്ര ബജറ്റ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ അവതരിപ്പിച്ചതോടെ മറ്റൊരു നാഴികക്കല്ലും നിര്‍മല സീതാരാമന്‍ തന്റെ റെക്കോര്‍ഡ് പട്ടികയില്‍ ചേര്‍ത്തു. ഡിജിറ്റല്‍ ടാബ്ലെറ്റിലൂടെയാണ് ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗം വായിച്ചത്. പ്രസംഗം പൂര്‍ത്തിയായപ്പോള്‍ ബജറ്റ് രേഖകള്‍ മൊബൈല്‍ ആപ്പുകള്‍ വഴി ലഭ്യമാക്കി. 2022ലും പേപ്പര്‍ രഹിത ബജറ്റ് അവതരണം തുടര്‍ന്നു.
4. ലെതര്‍ ബ്രീഫ്‌കേസിന് പകരം ബഹി-ഖാത
ബജറ്റ് ഡോക്യുമെന്റുകള്‍ ലെതര്‍ ബ്രീഫില്‍ കൊണ്ടുവരിക എന്നത് കൊളോണിയല്‍ കാലത്ത് പിന്തുടര്‍ന്നിരുന്ന സമ്പ്രദായമായിരുന്നു. എന്നാല്‍ 2019ലെ തന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ ആ സമ്പ്രദായം അവസാനിപ്പിച്ചു. ലെതര്‍ ബാഗിന് പകരം ബജറ്റ് കോപ്പികള്‍ ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് പാര്‍ലമെന്റിലേക്ക് കൊണ്ട് വന്നത്. കൊളോണിയല്‍ പാരമ്പര്യത്തില്‍ നിന്ന് മുന്നോട്ട് പോകുന്നതിലെ സുപ്രധാന നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തിയത്.