പാർലമെന്റില്‍ കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റർ ദേശീയ പാത പണിയാൻ 100 കോടി രൂപയാണ് ചെലവ്. ഹൈവേ നിർമാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25ശതമാനം തരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നുവെങ്കിലും അതില്‍ നിന്ന് പിന്മാറിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. പാർലമെന്റില്‍ രാജ്യത്തെ റോഡ് നിർമാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കേരളത്തിനെതിരെ കേന്ദ്രമന്ത്രിയുടെ വിമർശനം.
നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു
കേരളത്തിലെ ദേശീയ പാതാ വികസനം വലിയ വെല്ലുവിളിയാണെന്നും ഒരു കിലോമീറ്ററിന് നൂറ് കോടിയോളം രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയേറ്റെടുക്കുന്ന ചെലവിന്റെ 25% ശതമാനം നല്‍കാം എന്ന് കേരള മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതിൽ നിന്ന് പിന്മാറി. നിർമാണ സാമഗ്രികളുടെ റോയൽറ്റി ഒഴിവാക്കിയും സർക്കാർ ഭൂമി സൗജന്യമായി തന്നും റോഡ് നിർമ്മാണത്തിൽ സഹകരിക്കാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടുവെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഉടന്‍ കേരളം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള തുക ഇനിയും കേരളത്തിന് വഹിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിന്നീട് നിയമസഭയില്‍ അറിയിച്ചു
ദേശീയ പാത വികസനത്തിനായി 2016 ലാണ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുന്നത്. കേരളത്തില്‍ ഭൂമിക്ക് വലിയ വിലയാണെന്നും അതിനാല്‍ സംസ്ഥാനം തന്നെ ഭൂമി ഏറ്റെടുത്ത് നല്‍കണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അന്നത്തെ നിലപാട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും ഒത്തു തീര്‍പ്പെന്ന നിലയില്‍ ചെലവിന്റെ 25% വഹിക്കാന്‍ കേരളം സമ്മതിച്ചിരുന്നു. ദേശീയ പാത വികസനത്തിനായി 98% ഭൂമിയും ഏറ്റെടുത്തതായി മുഖ്യമന്ത്രി നേരത്തെ അറിയച്ചിരുന്നു. എന്നാല്‍ ദേശീയ പാത വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള തുക ഇനിയും കേരളത്തിന് വഹിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിന്നീട് നിയമസഭയില്‍ അറിയിച്ചു.
ദേശീയ പാത വികസനത്തിനായി മറ്റൊരു സംസ്ഥാനവും ചെലവ് സ്വയം വഹിക്കുന്നില്ല. കേരളത്തിന് ലഭിക്കേണ്ട അവകാശം വിലകൊടുത്ത് വാങ്ങേണ്ട ആവശ്യമില്ലെന്നും അതുകൊണ്ട് ദേശീയ പാതാ അതോറിറ്റിയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പാര്‍ലമെന്റില്‍ കേരളത്തെ കുറ്റപ്പെടുത്തി നിതിന്‍ ഗഡ്കരി മുന്നോട്ട് വന്നത്.