ഗുജറാത്തിന്റെ വികസനം ചൂണ്ടിക്കാട്ടി ബിജെപി ഉയർത്തുന്ന വാദങ്ങളെല്ലാം തള്ളി നീതി ആയോഗിന്റെ റിപ്പോർട്ട്. പോഷകാഹാര ലഭ്യത, ദരിദ്രര്‍, ഭവനരഹിതരുടെ എണ്ണം തുടങ്ങി നീതി ആയോഗ് സൂചികകളിലെല്ലാം ഗുജറാത്തിന്റേത് മോശം പ്രകടനമാണ്.
ഗുജറാത്ത് ജനസംഖ്യയുടെ 38 ശതമാനത്തിലധികമാളുകളും പോഷകാഹാര കുറവ് നേരിടുന്നവരാണെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. ഗ്രാമീണ ജനസംഖ്യയുടെ പകുതിയോളം പേരും (44.45) നഗരങ്ങളിൽ 28.97 % പേരും പോഷക കുറവ് നേരിടുന്നുവെന്നാണ് ഈ വർഷം ജൂലൈയിൽ പുറത്തുവിട്ട ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പോഷകാഹാരത്തിന്റെ കാര്യത്തിൽ ഗുജറാത്തിനേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. സംസ്ഥാനത്തെ 39 ശതമാനം കുട്ടികളും പ്രായത്തിനനുസരിച്ച് ശരീരഭാരമില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം കണക്കുകൾ പരിശോധിക്കുമ്പോൾ ആവശ്യമായ ഭാരമില്ലാത്ത കുട്ടികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്താണ് ഗുജറാത്ത്. ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് നൂറിൽ മൂന്നുപേര്‍ക്കെങ്കിലും പോഷക കുറവുണ്ടെന്നാണ് കണക്കുകൾ.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭവനരഹിതരുടെ എണ്ണവും ഗുജറാത്തില്‍ കൂടുതലാണ്. ഗുജറാത്ത് ജനസംഖ്യയിലെ 23.30 % ജനങ്ങൾക്കും പാർപ്പിട സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ മേഖലയിൽ കേരളം, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഗുജറാത്തിനേക്കാൾ മികച്ച നിലവാരം പുലർത്തുന്നുണ്ട്. ഗുജറാത്തിലെ ഗ്രാമീണ ജനതയുടെ 35.52 ശതമാനം പേരും ഭവന രഹിതരാണ്. കേരളം ,പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ നിരക്കാണ്.
അതേ സമയം ദരിദ്രരുടെ കണക്കുകളിലേക്ക് വരികയാണെങ്കിൽ വലിയ മാറ്റം ഗുജറാത്തിന് സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. 2019 -21 വർഷങ്ങളിൽ 11.6 ശതമാനം ആളുകളാണ് അതിദരിദ്രരായി സംസ്ഥാനത്തുള്ളത്. മുൻ വർഷങ്ങളുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. 2015 -16 കാലഘട്ടത്തിൽ 18.47 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ദാരിദ്ര സൂചികയിൽ വലിയ വ്യത്യാസം വരുത്താനായെങ്കിലും ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞ പത്ത് സംസ്ഥാനങ്ങളിലൊന്നായി ഇടം പിടിക്കാൻ ഗുജറാത്തിന് സാധിച്ചിട്ടില്ല. മഹാരാഷ്ട്ര (7.81) , മധ്യപ്രദേശ് (6.06) , പഞ്ചാബ് (4.75) തമിഴ്നാട് (2.20 ) കേരളം (0.55) കർണാടക (7.58) എന്നിങ്ങനെയാണ് ദരിദ്രരുടെ കണക്കുകൾ. ഗുജറാത്തിൽ ഏറ്റവും കൂടുതൽ ദരിദ്രർ വസിക്കുന്നത് ദാഹോദിലും (38.27) ഏറ്റവും കുറവ് ദരിദ്രരുള്ളത് നവസാരിയിലുമാണ് (4.84). അഹമ്മദാബാദ്, വഡോദര, സൂറത്ത് ,രാജ്കോട്ട് എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുമാത്രമാണ് ഗുജറാത്തിലെ വികസനം നടക്കുന്നത്.