നീതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗം ഇന്ന്. ഡല്‍ഹി രാഷ്ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. അംഗങ്ങള്‍ നേരിട്ട് യോഗത്തില്‍ പങ്കെടുക്കുന്നത് 2019 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ യോഗം സഹായകമാകുമെന്നാണ് വിലയിരുത്തൽ. പ്രാഥമിക- ഉന്നത തല വിദ്യാഭ്യാസ രംഗത്തെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കൽ, നഗര ഭരണം, പയർ-എണ്ണക്കുരു വിളകളുടെ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നിവയാകും മുഖ്യ അജണ്ടകൾ.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു യോഗം ബഹിഷ്കരിക്കും. കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിൽ പ്രതിഷേധിച്ചാണ് വിട്ടു നിൽക്കുന്നതെന്ന് ചന്ദ്രശേഖർ റാവു അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ പങ്കെടുത്തേക്കില്ല. എന്നാല്‍, വിട്ടുനില്‍ക്കുന്നതിന് നിതീഷ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
യോഗത്തിൽ പങ്കെടുക്കുന്നത് പ്രയോജനകരമല്ലെന്ന് അറിയിച്ച് ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇന്ത്യയെ ശക്തവും വികസിതവുമായ രാജ്യമാക്കാനുള്ള കൂട്ടായ പരിശ്രമത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. തുല്യ പങ്കാളികളായി കണക്കാക്കുന്നില്ലെന്നും റാവു കുറ്റപ്പെടുത്തി. അതേസമയം, ഒരു മാസത്തിനിടെ നിതീഷ് കുമാർ കേന്ദ്രസർക്കാരിന്റെ മൂന്നാമത്തെ ഔദ്യോഗിക പരിപാടിയില്‍ നിന്നാണ് വിട്ടുനില്‍ക്കുന്നത്. ഉപമുഖ്യമന്ത്രി യോഗത്തിനെത്തുമെന്നാണ് വിവരം.
ഗവേണിങ് കൗണ്‍സിലിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി 2022 ജൂണിൽ ധർമ്മശാലയിൽ ദേശീയ സമ്മേളനം നടത്തിയിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരും മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കോവിഡ്-19 മഹാമാരിയുടെ പിടിയിൽ നിന്ന് രാജ്യം കരകയറുന്ന സമയമാണ്. മാത്രമല്ല, അടുത്ത വർഷം ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലും നീതി ആയോഗിന്റെ ഏഴാം യോഗം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാർ, ലഫ്റ്റനന്റ് ഗവർണർമാർ, എക്സ് ഒഫീഷ്യോ അംഗങ്ങൾ, വൈസ് ചെയർമാൻ, നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങൾ കൂടാതെ പ്രത്യേക ക്ഷണിതാക്കളായി കേന്ദ്ര മന്ത്രിമാരും ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും.