INDIA

ബിജെപിയിലേക്ക് മടങ്ങില്ല, പ്രഥമ പരിഗണന ഇന്ത്യാ സഖ്യത്തിന്റെ ഐക്യം : നിതീഷ് കുമാർ

തിരിച്ചുപോക്കിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് 'എന്തൊരു മാലിന്യമാണത്' എന്നാണ് നിതീഷ് കുമാർ പ്രതികരിച്ചത്.

വെബ് ഡെസ്ക്

ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലേക്ക് ജെ.ഡി.(യു) തിരിച്ച് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർട്ടിയുടെ പ്രഥമ പരിഗണന പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്നും ബിജെപി സഖ്യത്തിലേക്ക് തിരിച്ച് പോകാൻ പദ്ധതിയില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. തിരിച്ചുപോക്കിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് 'എന്തൊരു മാലിന്യമാണത്' എന്നാണ് നിതീഷ് കുമാർ പ്രതികരിച്ചത്. ഒരു വർഷം മുൻപാണ് നിതീഷ് കുമാറിന്റ ജനതാദൾ യുണൈറ്റഡ് (ജെ.ഡി.(യു)) എൻഡിഎ സഖ്യം വിട്ടത്.

ഇന്ത്യ സഖ്യത്തിൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ നിതീഷ് കുമാറാണെന്ന ജെ.ഡി.(യു) നേതാവ് മഹേശ്വർ ഹസാരിയുടെ പ്രസ്താവനയോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് പാർട്ടിയിലെ സഹപ്രവർത്തകര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ പ്രഥമ പരിഗണനയെന്നും ആ ദിശയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാർ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന ജെഡിയു നേതാവുമായ മഹേശ്വർ ഹസാരി കഴിഞ്ഞ ദിവസമാണ് ഈ പ്രസ്താവന നടത്തിയത്.

അടുത്തിടെ ലോക്‌സഭയിൽ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ "ഈ വിഷയം ഉപേക്ഷിക്കൂ. ഞങ്ങളുടെ സർക്കാർ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പുരോഗതിക്കായി പ്രവർത്തിക്കുന്നു." എന്നാണ് നിതീഷ് കുമാർ പറഞ്ഞത്.

നേരത്തെ പല തവണ നിതീഷ് കുമാറിന്റെ ജെ.ഡി.(യു) എൻഡിഎ സഖ്യത്തിലേക്ക് മടങ്ങുമെന്ന് സമാനമായ തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ നിതീഷ് കുമാറിനുള്ള തങ്ങളുടെ വാതിലുകൾ അടച്ചു കഴിഞ്ഞു എന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. പിന്നാലെ എൻഡിഎയിലേക്ക് മടങ്ങി വരാൻ താൽപ്പര്യമില്ലെന്ന് ജെ.ഡി.(യു)യും വ്യക്തമാക്കി. ഒപ്പം ബിജെപിക്ക് ബിഹാറിൽ സ്വീകാര്യത ലഭിക്കാൻ കാരണം കുറച്ച് കാലം നിതീഷ് കുമാർ നയിച്ചത് കൊണ്ടാണെന്നും നിതീഷ് കുമാറിന്റെ അടുത്ത സഹായിയും കെട്ടിട നിർമ്മാണ വകുപ്പ് മന്ത്രിയുമായിരുന്ന അശോക് ചൗധരി പറഞ്ഞിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം