നിതീഷ് കുമാര്‍ 
INDIA

2020ല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നില്ല; ബിജെപിയുടെ സമ്മര്‍ദ്ദത്താലാണ് സ്ഥാനമേറ്റെടുത്തതെന്ന് നിതീഷ് കുമാര്‍

രാഷ്ട്രീയ വഞ്ചനയെന്ന ബിജെപി ആരോപണങ്ങള്‍ തള്ളി നിതീഷ് കുമാര്‍

വെബ് ഡെസ്ക്

2020 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയായത് ബിജെപിയുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുന്‍പായിരുന്നു നിതീഷിന്റെ വെളിപ്പെടുത്തല്‍. ജെഡിയു നീക്കം രാഷ്ട്രീയ വഞ്ചനയാണെന്ന ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം.

നന്ദ് കിഷോര്‍ യാദവിനെ സ്പീക്കറാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹമല്ല സ്പീക്കറായത്
നിതീഷ് കുമാര്‍

''2020ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപിയില്‍ നിന്ന് ഒരു മുഖ്യമന്ത്രി എന്നതായിരുന്നു എന്റെ അഭിപ്രായം. കൂടുതല്‍ എംഎല്‍എമാരുള്ള ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി വരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷെ മുഖ്യമന്ത്രിയായി തുടരാന്‍ എന്റെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായി. ഞാന്‍ തന്നെ മുഖ്യമന്ത്രിയായി വരണമെന്ന് ബിജെപി നിര്‍ബന്ധിച്ചു. അങ്ങനെയാണ് സ്ഥാനമേറ്റെടുക്കാന്‍ സമ്മതം മൂളിയത് '' - നിതീഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് എത്താതിരുന്ന ബിജെപി നേതാക്കളായ സുശീല്‍കുമാര്‍ മോദിയുടേയും പ്രേം കുമാറിന്‌റെയും പേരുകള്‍ ഉറക്കെ പരാമര്‍ശിച്ചായിരുന്നു നിതീഷിന്റെ വെളിപ്പെടുത്തല്‍.

''നന്ദ് കിഷോര്‍ യാദവിനെ സ്പീക്കറാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പഴയ സുഹൃത്തായ അദ്ദേഹം സ്പീക്കര്‍ സ്ഥാനത്തേക്ക് വന്നാല്‍ നല്ലതായിരിക്കുമെന്നായിരുന്നു എന്റെ അഭിപ്രായം. പക്ഷെ അദ്ദേഹമല്ല സ്പീക്കറായത്.'' സ്പീക്കര്‍ സ്ഥാനത്തുണ്ടായിരുന്ന വിജയ് കുമാര്‍ സിന്‍ഹയോടുള്ള എതിര്‍പ്പ് നിതീഷ് പരസ്യമാക്കി.

താഴെത്തട്ടില്‍ നിന്ന് ഞാന്‍ വളര്‍ത്തി പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തിച്ച്, കേന്ദ്രത്തിലേക്ക് പോലും അയച്ച വ്യക്തി എന്നെ വഞ്ചിച്ചു
നിതീഷ് കുമാര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു മൂന്നാംസ്ഥാനത്തായതിന് പിന്നില്‍ ചിരാഗ് പാസ്വാന്‌റെ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ നീക്കങ്ങളായിരുന്നെന്ന് നിതീഷ് വിശദീകരിച്ചു. അതിന് ബിജെപിയുടെ മൗനപിന്തുണയുണ്ടായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''2020ല്‍ നിങ്ങള്‍ എനിക്കെതിരെ ആരെയാണ് രംഗത്തിറക്കിയത്? എല്ലാം അറിഞ്ഞിട്ടും ഞാന്‍ നിങ്ങളോട് വിരോധം കാണിച്ചില്ല. എനിക്ക് മുഖ്യമന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് ഒടുവില്‍ അത് സമ്മതിക്കേണ്ടി വന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. താഴെത്തട്ടില്‍ നിന്ന് ഞാന്‍ വളര്‍ത്തി പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തിച്ച്, കേന്ദ്രത്തിലേക്ക് പോലും അയച്ച വ്യക്തി എന്നെ വഞ്ചിച്ചു''. പാര്‍ട്ടി വിട്ട്, ബിജെപിയുമായി ചേര്‍ന്ന് നിതീഷിനെതിരെ ഗൂഢാലോചനകള്‍ നടത്തുന്നുവെന്ന് ആരോപണമുയര്‍ന്ന ആര്‍സിപി സിങ്ങിനെതിരെയായിരുന്നു പരാമര്‍ശം.

ഓരോ തവണയും മുന്നണികള്‍ മാറുന്നുവെന്ന ബിജെപിയുടെ ആരോപണത്തിന് നിതീഷ് പ്രസംഗത്തില്‍ മറുപടി നല്‍കി . ''2017ല്‍ ഞാന്‍ ആര്‍ജെഡിയുമായി പിരിഞ്ഞു. നിങ്ങള്‍ അവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തി. പക്ഷെ അഞ്ച് വര്‍ഷം കഴിയുമ്പോഴും അവര്‍ക്കെതിരെ ഒന്നും കണ്ടെത്താനായില്ല''. ആര്‍ജെഡി സഖ്യത്തെ ന്യായീകരിച്ചായിരുന്നു നിതീഷിന്റെ വിശദീകരണം.

ബുധനാഴ്ച ബിഹാര്‍ നിയമസഭയില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. കേന്ദ്ര സര്‍ക്കാരിനെതിരെ നിതീഷ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതോടെ വിശ്വാസ വോട്ടെടുപ്പിനിടെ ബിജെപി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ ബിഹാറില്‍ പരീക്ഷിച്ച് എല്ലാവരേയും ഭയപ്പെടുത്താനായിരുന്നു ബിജെപി നീക്കമെന്ന് തേജസ്വി യാദവ് ആരോപിച്ചു. ബിഹാര്‍ ജനതയുടെ സ്വപ്‌നം എന്ത് വില കൊടുത്തും യാഥാര്‍ഥ്യമാക്കുമെന്നും തേജസ്വി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ