നിതീഷ് കുമാര്‍ 
INDIA

അധികാരത്തിലെ ട്രപ്പീസുകളിക്കാരന്‍; നിതീഷിന് പുതിയ സഖ്യം

ബിജെപി സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍; പിന്തുണയുമായി ആർജെഡിയും കോണ്‍ഗ്രസും

വെബ് ഡെസ്ക്

കൗശലക്കാരനായ രാഷ്ട്രീയക്കാരനെന്നാണ് ജെഡിയു നേതാവ് നിതീഷ് കുമാറിനെ വിളിക്കാറുള്ളത്. നാല് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍, അധികാരം ലക്ഷ്യമിട്ട് നിതീഷ് നടത്തിയ നീക്കങ്ങളും, മുന്നണി മാറ്റങ്ങളും ഈ പേര് അന്വർത്ഥമാക്കുന്നു. സോഷ്യലിസ്റ്റില്‍ തുടങ്ങി, ബിജെപിയോട് അടുത്ത് അഞ്ച് തവണയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതത്തില്‍ മുന്നണികള്‍ മാറിയത്. പക്ഷേ ഈ മാറ്റങ്ങള്‍ക്കിടയിലും ട്രപ്പീസുകളിക്കാരന്റെ വഴക്കത്തോടെ ജെഡിയുവിന്റെ അനിഷേധ്യനായ നേതാവായി നിതീഷ് തുടർന്നു.

ലാലു - നിതീഷ് കൂട്ടുകെട്ട്

വിദ്യാര്‍ഥി കാലഘട്ടത്തില്‍ പരസ്പരം കണ്ടുമുട്ടിയവരാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും. ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായവര്‍. ജനതാദളില്‍ ലാലുവിനൊപ്പം നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയയാളാണ് നിതീഷ്. 'ബഡേ ഭായ്' എന്ന് മാത്രം ലാലുവിനെ വിളിച്ചിരുന്ന നിതീഷ്, പിന്നീട് അദ്ദേഹത്തിന്റെ കടുത്ത രാഷ്ട്രീയ എതിരാളിയായി മാറിയെന്നത് മറ്റൊരു യാഥാര്‍ഥ്യം.

1985-ലാണ് നിതീഷ് ആദ്യമായി നിയമസഭയിലെത്തിയത്. 1990ല്‍ ലാലുപ്രസാദ് യാദവിനെ ബിഹാര്‍ മുഖ്യമന്ത്രിയാക്കാന്‍ ചരട് വലിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. പക്ഷെ 1994 ആയപ്പോഴേക്കും പാര്‍ട്ടിയില്‍ ലാലു പ്രസാദ് യാദവിന്റെ നിയന്ത്രണങ്ങളെ എതിര്‍ത്ത് രംഗത്തെത്തി. തുടര്‍ന്ന് സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപീകരിച്ചു. 2003ല്‍ സമതാ പാര്‍ട്ടിയും ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡും ഒന്നിച്ചു.

ബിജെപി സഹകരണം

1998 ല്‍ അടല്‍ ബിഹാരി വാജ്‌പേയി പാര്‍ട്ടി നേതൃത്വത്തിലിരിക്കെയാണ് ബിജെപി - ജെഡിയു സഖ്യം പിറക്കുന്നത്. നിതീഷ് കുമാറിന്റെ നിര്‍ണായക രാഷ്ട്രീയ നീക്കമായി ഇത് വിലയിരുത്തപ്പെട്ടു. ഒരിക്കലും പിരിയാത്ത രാഷ്ട്രീയ കൂട്ടുകെട്ടായി ബിജെപി - ജെഡിയു സഖ്യം ചിത്രീകരിക്കപ്പെട്ടു.

2000ത്തില്‍ ബിഹാറിലെ എന്‍ഡിഎ നേതാവായി നിതീഷ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായത്.2000 മാര്‍ച്ച് മൂന്നിന് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും അതിന് ആയുസ് കുറവായിരുന്നു. വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടി വരുമെന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

2005 നവംബറില്‍ അദ്ദേഹം രണ്ടാംതവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കാലാവധി പൂര്‍ത്തിയാക്കി. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ ജെഡിയുവും സഖ്യകക്ഷിയായ ബിജെപിയും അധികാരത്തില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കി.

പക്ഷെ 2013ല്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി നരേന്ദ്രമോദിയെ നിയമിച്ചതോടെ സഖ്യം തകര്‍ന്നു. മതേതര പ്രതിച്ഛായയുള്ള നേതൃത്വം എന്‍ഡിഎയ്ക്ക് വേണമെന്ന ഉറച്ച വിശ്വാസമാണ് പുറത്തുപോകലിന് പിന്നിലെന്നാണ് നിതീഷ് അന്ന് പറഞ്ഞു. സംഘ് മുക്ത് ഭാരത് എന്നൊരു ക്യാമ്പെയിനിന് പോലും അദ്ദേഹം തുടക്കമിട്ടു.

മഹാസഖ്യം രൂപീകരണവും വിട്ടുപോകലും

2015 നവംബറിലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബദ്ധവൈരിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി നിതീഷ് സഖ്യധാരണയിലെത്തി. ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഐആര്‍സിടിസി അഴിമതി കേസില്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ പ്രതിചേര്‍ത്തതോടെ മഹാസഖ്യം പിരിഞ്ഞു. 2017 ജൂലൈയോടെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലാലുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചായിരുന്നു സഖ്യത്തില്‍ നിന്നുള്ള പുറത്തു പോകല്‍.

വീണ്ടും ബിജെപിയുമായി കൈകോര്‍ക്കല്‍

മഹാസഖ്യം തകര്‍ന്നതോടെ ബിജെപിയുമായി നിതീഷ് കുമാര്‍ വീണ്ടും കൂട്ടുകൂടി . ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായി നിതീഷ് മന്ത്രിസഭ രൂപീകരിച്ചു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടര്‍ന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുതല്‍ ജെഡിയു - ബിജെപി അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു. കൂടുതല്‍ സീറ്റ് ലഭിച്ച ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. നിതീഷിന്റെ രാഷ്ട്രീയ ചരടുവലികളെ കുറിച്ച് അറിയാവുന്ന ബിജെപി കേന്ദ്ര നേതൃത്വം പക്ഷെ അത് ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ നല്‍കി. എന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് ഭരണത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ബിജെപി ശ്രമിച്ചു. ഇത് നിതീഷിനെ അസ്വസ്ഥനാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ മഹാഅഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയതിന് സമാനമായ നീക്കങ്ങള്‍ ബിഹാറിലുണ്ടാകുമോ എന്ന് നിതീഷ് ഭയന്നു. പാര്‍ട്ടി വിട്ട ആര്‍ സി പി സിംഗിനെ ഉപയോഗിച്ച് ബിജെപി നീക്കം നടത്തുന്നതായി സൂചനകളും പുറത്ത് വന്നിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കാതിരുന്നപ്പോള്‍ തന്നെ നിതീഷിന്റെ സഖ്യത്തില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പായിരുന്നു. നീതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക കൂടി ചെയ്തതോടെ രാഷ്ട്രീയ നിരീക്ഷികര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഒടുവില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ നിതീഷിന്റെ അടുത്ത നീക്കം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ