ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഖാർഗെയുടെ ക്ഷണം സ്വീകരിച്ചാണ് 3 ദിവസത്തെ സന്ദർശനത്തിന് നിതീഷ് കുമാർ രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള ഭിന്നത പരിഹരിച്ച് ബിജെപി സർക്കാരിന് എതിരെയുള്ള പ്രതിപക്ഷ ഐക്യം ശക്തമാക്കാൻ ഖാർഗെ നിതീഷിന്റെ സഹായം തേടുമെന്നാണ് സൂചന.
ഈ പശ്ചാത്തലത്തില്‍ നടന്ന നിതീഷ്-ലാലു കൂടിക്കാഴ്ച, ചട്ടത്തിന്റെ ഭാഗം എന്നതിലുപരി ഐക്യദാർഢ്യ പ്രകടനമാണെന്ന് ആർജെഡി
ഡൽഹിയിലെത്തിയ ശേഷം നിതീഷ് കുമാർ ആദ്യം കൂടിക്കാഴ്ച നടത്തിയത് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായാണ്. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ് യാദവ് ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനെ തുടർന്ന് ഡൽഹിയിലാണ്. ചൊവ്വാഴ്ച ഒമ്പത് മണിക്കൂറിലധികമാണ് തേജസ്വിയെ ചോദ്യം ചെയ്തത്. ഈ പശ്ചാത്തലത്തില്‍നടന്ന നിതീഷ്-ലാലു കൂടിക്കാഴ്ച, ചട്ടത്തിന്റെ ഭാഗം എന്നതിലുപരി ഐക്യദാർഢ്യപ്രകടനമാണെന്ന് ആർജെഡി പ്രതികരിച്ചു.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഡല്‍ഹി സന്ദർശനത്തിനിടെ ഖാർഗെയെ കൂടാതെ രാഹുൽ ഗാന്ധി ഉള്‍പ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെയും നിതീഷ് കുമാർ കണ്ടേക്കും. ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യം രൂപീകരിക്കാനായി നിതീഷ് കുമാർ ഏറെ നാളായി കാത്തിരിക്കുകയാണെന്നും എഐസിസി അധ്യക്ഷൻ അതിന്റെ ആദ്യ നീക്കം നടത്തിയതിൽ സന്തോഷമുണ്ടെന്നും മുതിർന്ന ജെഡിയു നേതാവും മുൻ രാജ്യസഭാ എംപിയുമായ കെ സി ത്യാഗി പറഞ്ഞു.
നിതീഷിന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യുബിടി) നേതാവുമായ ഉദ്ധവ് താക്കറെ എന്നിവരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനായി ക്ഷണിച്ച വിവരം ഖാർഗെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിതീഷിന്റെ പങ്ക് നിർണായകമാകുമെന്നാണ് വിലയിരുത്തല്‍. കോൺഗ്രസിനും പ്രാദേശിക പാർട്ടികൾക്കും ഇടയിൽ ഒരു പാലമാകാൻ കഴിയുന്ന നേതാവാണ് അദ്ദേഹമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടല്‍. ജനതാ പരിവാർ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചതിന്റെ ദീർഘകാല പരിചയം ഇതിന് സഹായകമാകും. മുൻ എൻഡിഎ സഖ്യകക്ഷികളായ ടിഡിപി,തൃണമൂൽ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച നേട്ടവും അദ്ദേഹത്തിനുണ്ട്. ഇടത് പാർട്ടികളുമായും അദ്ദേഹം നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിലായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ , ഇടത് നേതാക്കള്‍ എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. ദീർഘകാലമായി രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവുമായി സഖ്യമുണ്ടാക്കിയതിലൂടെ, 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിനായി മറ്റ് അഭിപ്രായവ്യത്യാസങ്ങൾ മറക്കണമെന്ന സന്ദേശമാണ് നിതീഷ് കുമാർ പ്രാദേശിക പാർട്ടികൾക്ക് നൽകിയതെന്ന് കെ സി ത്യാഗി പറയുന്നു.
അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും ബിജെപിക്കെതിരെ പരമാവധി പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും നിതീഷ് ആവർത്തിച്ചു. നിരവധി പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസ് ഇതര സഖ്യത്തിന് വേണ്ടി ശബ്ദമുയർത്തുന്നുണ്ടെങ്കിലും പ്രതിപക്ഷ മുന്നണിക്ക് കോൺഗ്രസ് നേതൃത്വം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.