ഹൈദരാബാദ് സുൽത്താന്‍ മെഹബൂബ് അലി ഖാന്‍റെ പതിനാലാം നൂറ്റാണ്ടിലെ ആചാര പാരമ്പര്യമുള്ള വാൾ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈദരാബാദിൽ ഒരു ബ്രിട്ടീഷ് ജനറലിന് വിറ്റ വാൾ ബ്രിട്ടന്റെ ഗ്ലാസ്‌ഗോ ലൈഫ് ആണ് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് ബ്രിട്ടനിലെത്തിയ രാജ്യത്തെ അമൂല്യമായ ആറ് പുരാവസ്തുക്കൾക്കൊപ്പമാണ് മെഹ്ബൂബ് ഖാന്റെ വാളുമുള്ളത്. ഇന്ത്യൻ ഹൈക്കമ്മീഷനും ഗ്ലാസ്‌ഗോയിലെ മ്യൂസിയങ്ങൾ നിയന്ത്രിക്കുന്ന യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഗ്ലാസ്‌ഗോ ലൈഫും തമ്മിൽ ഒപ്പുവച്ച കരാറിനെ തുടർന്നാണ് ഇവ രാജ്യത്തിന് തിരികെ ലഭിക്കുന്നത്.
1905ൽ ബോംബെ കമാൻഡിന്റെ കമാൻഡർ-ഇൻ-ചീഫ് ജനറൽ, ഹൈദരാബാദ് പ്രധാനമന്ത്രിയില്‍ നിന്നാണ് വാൾ കൈപ്പറ്റിയത്
തിരികെയെത്തിക്കുന്ന വസ്‌തുക്കൾ ഇന്ത്യയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ കൊൽക്കത്ത, കാൺപൂർ, ബിഹാർ, ഗ്വാളിയോർ തുടങ്ങിയ സ്ഥലങ്ങളിലെ ആരാധനാലയങ്ങളിൽ നിന്നുമാണ് ഈ ആറ് വസ്തുക്കളും കൊള്ളയടിക്കപ്പെട്ടത്. എന്നാൽ ഇവയ്ക്കൊപ്പമുള്ള വാളിന്റെ ഏറ്റെടുക്കൽ രേഖയിൽ മഹാരാജ കിഷൻ പർഷാദിൽ നിന്ന് വാങ്ങിയതാണെന്ന് സൂചിപ്പിക്കുന്നുണ്ട്.
ബോംബെ കമാൻഡിന്റെ കമാൻഡർ-ഇൻ-ചീഫ് ജനറലായിരുന്ന ആർച്ചിബാൾഡ് ഹണ്ടർ (1903-1907) ഹൈദരാബാദ് പ്രധാനമന്ത്രി മഹാരാജാ സർ കിഷൻ പെർഷാദ് ബഹാദൂർ യാമിനിൽ നിന്ന് 1905ൽ ഈ വാൾ കൈപ്പറ്റിയിരുന്നതായി ഗ്ലാസ്ഗോ ലൈഫ് കമ്യൂണിക്കേഷൻ ഓഫീസർ ജോനാഥൻ റെയ്ലി പറഞ്ഞു. പിന്നീട് 1978ൽ ഹണ്ടറുടെ അനന്തരവൻ ആർച്ചിബാൾഡ് ഹണ്ടർ സർവീസ്, ഗ്ലാസ്ഗോ ലൈഫ് മ്യൂസിയങ്ങളുടെ ശേഖരങ്ങളിലേക്ക് വാൾ സംഭാവന ചെയ്യുകയായിരുന്നു.
ഹൈദരാബാദിലെ അസഫ് ജാഹ് രാജവംശത്തിന്റെ ആറാമത്തെ സുൽത്താനായിരുന്ന മെഹ്ബൂബ് അലി ഖാൻ, 1903 ല്‍ ഡല്‍ഹി ഇംപീരിയൽ ദർബാറിലാണ് വാൾ പ്രദർശിപ്പിച്ചതെന്നാണ് മ്യൂസിയം രേഖകളിൽ പറയുന്നത്. എഡ്വേർഡ് ഏഴാമൻ രാജാവും അലക്സാണ്ട്ര രാജ്ഞിയും ഇന്ത്യയുടെ ചക്രവർത്തിയായി ഔദ്യോഗിക പദവിയിലേക്ക് സ്ഥാനാരോഹണം ചെയ്തതിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രദർശനം.
തിരിച്ചയച്ചുവെന്ന് പറയപ്പെടുന്ന വസ്തുക്കളെ കുറിച്ച് തങ്ങൾക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം ഡയറക്ടർ എ നാഗേന്ദർ റെഡ്ഡി പറഞ്ഞു
ഹൈദരാബാദിലെ സലാർ ജംഗ് മ്യൂസിയം വാൾ സൂക്ഷിക്കാൻ അനുയോജ്യമായ ഇടമാണെന്നും എന്നാൽ തിരിച്ചയച്ചുവെന്ന് പറയപ്പെടുന്ന വസ്തുക്കളെ കുറിച്ച് തങ്ങൾക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മ്യൂസിയം ഡയറക്ടർ എ നാഗേന്ദർ റെഡ്ഡി പറഞ്ഞു. മുഗളന്മാരുടെയും നിസാമുകളുടെയും ഇന്ത്യയിലെ മറ്റ് ഭരണാധികാരികളുടെയും വാളുകളും കത്തികളും യുദ്ധങ്ങൾക്ക് ഉപയോഗിച്ചിരുന്ന മറ്റ് ആയുധങ്ങളുമടക്കം സൂക്ഷിച്ചിരിക്കുന്ന ഒരു പ്രത്യേക ഗാലറി തന്നെ മ്യൂസിയത്തിലുണ്ട്.
അതേസമയം നിസാം ഉസ്മാൻ അലി ഖാൻ പ്രദർശിപ്പിച്ച ഈ ആചാര പാരമ്പര്യമുള്ള വാൾ പിന്നീട് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മഹാരാജ കിഷൻ പെർഷാദ് വിറ്റത് എങ്ങനെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ''മഹ്ബൂബ് അലിഖാന് മഹാരാജ കിഷൻ പർഷാദിനോട് ഉണ്ടായിരുന്ന അടുപ്പം എല്ലാവർക്കും അറിയാവുന്നതാണ്. മഹാരാജാവ് സമ്പന്നനായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന് അദ്ദേഹം ആ വാൾ സമ്മാനമായി നൽകിയതാകാം'' - ചരിത്രകാരൻ സജ്ജാദ് ഷാഹിദ് പറയുന്നു. ഉറുമിയുടെ രീതിയിൽ പാമ്പിന്റെ ആകൃതിയിലാണ് വാൾ പണികഴിപ്പിച്ചിരിക്കുന്നത്. പല്ലുകൾ പോലെയുള്ള അരികുകളും വാളിലുടനീളമുള്ള ആനയുടെയും കടുവയുടെയും രൂപത്തിലുള്ള സ്വർണ കൊത്തുപണികളും മറ്റൊരു കൗതുകമാണ്.