INDIA

'ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നത്, അത് കൂടുതൽ സങ്കീർണം': സ്വവർഗ വിവാഹ ഹര്‍ജികളിലെ വാദത്തിനിടെ സുപ്രീംകോടതി

വെബ് ഡെസ്ക്

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുന്നതിനിടെ ശ്രദ്ധേയമായ പരാമർശങ്ങളുമായി സുപ്രീംകോടതി. ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നതെന്നും അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം. ഒരു പുരുഷൻ എന്നതോ സ്ത്രീ എന്നതോ സമ്പൂർണ സങ്കൽപ്പമല്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സ്വവർഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ഇന്നും ആവർത്തിച്ചു.

ഹർജിക്കാർ രാജ്യത്തിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും അതുകൊണ്ടു തന്നെ വാദം കേള്‍ക്കണോ എന്നത് കോടതി പരിശോധിക്കണമെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതിന് മറുപടിയായി എങ്ങനെ തീരുമാനമെടുക്കണമെന്ന് കോടതിയോട് പറയാന്‍ കേന്ദ്രത്തിനാകില്ലെന്നും ഹർജിക്കാരുടെ ഭാഗം കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദങ്ങൾ വ്യക്തി വിവാഹ നിയമങ്ങളിലുപരി സ്പെഷ്യല്‍ മാര്യേജ് ആക്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാകണമെന്നും കോടതി നിർദേശിച്ചു. കോടതി ഏപ്രില്‍ 20 വരെ ഹർജിക്കാരുടെ വാദം കേൾക്കും.

സ്‌പെഷ്യൽ മാരേജ് ആക്ടിൽ പുരുഷൻ, സ്ത്രീ എന്നീ വാക്കുകള്‍ക്ക് പകരം 'പങ്കാളി' എന്ന് പരാമർശിക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു

മുൻകാല കോടതി ഉത്തരവുകളും സ്വവർഗരതി കുറ്റകരമല്ലാതാക്കുന്ന വിധിയും കണക്കിലെടുത്ത് സ്വവർഗ വിവാഹത്തിനുള്ള അവകാശം അനുവദിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. സ്‌പെഷ്യൽ മാരേജ് ആക്ടിൽ പുരുഷൻ, സ്ത്രീ എന്നീ വാക്കുകള്‍ക്ക് പകരം 'പങ്കാളി' എന്ന് പരാമർശിക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു. വിവാഹമെന്ന സങ്കൽപ്പം തന്നെ മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. 

വിവാഹം കഴിക്കാൻ ഞങ്ങൾക്കും മറ്റുള്ളവരെ പോലെ അവകാശമുണ്ടെന്ന പ്രഖ്യാപനമാണ് ആവശ്യപ്പെടുന്നത്

''വിവാഹം കഴിക്കാൻ ഞങ്ങൾക്കും മറ്റുള്ളവരെ പോലെ അവകാശമുണ്ടെന്ന പ്രഖ്യാപനമാണ് ആവശ്യപ്പെടുന്നത്. ആ അവകാശം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം അംഗീകരിക്കുകയും കോടതിയുടെ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനം അംഗീകരിക്കുകയും ചെയ്യും. ഇത്തരമൊരു ആവശ്യമുന്നയിക്കാനുള്ള കാരണം ഇപ്പോഴും പൊതുസമൂഹത്തില്‍ കൈപിടിച്ച് നടന്നാല്‍ ഞങ്ങള്‍ അപമാനിക്കപ്പെടുന്നു എന്നതിനാലാണ്. ആർട്ടിക്കിൾ 377 വിധിക്ക് ശേഷവും സ്ഥിതി ഇതു തന്നെയാണ്,” -ഹർജിക്കാർ ചൂണ്ടിക്കാട്ടി.

സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് 12 നും ഏപ്രില്‍ 16 നും സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന്‌റെ സാധുത ചോദ്യംചെയ്യുകയാണ് സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യയിലെ നഗര കേന്ദ്രീകൃത വരേണ്യവര്‍ഗത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നും അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള വിവാഹ സങ്കല്പങ്ങള്‍ക്ക് തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും. ഗ്രാമീണ, നഗര കേന്ദ്രീകൃത ജനങ്ങളുടെ കാഴ്ചപ്പാടുകളും വ്യക്തിഗത നിയമങ്ങളും മതവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കേന്ദ്രം പറയുന്നു. കൂടുതല്‍ അവകാശങ്ങള്‍ നല്‍കുക, ബന്ധങ്ങള്‍ അംഗീകരിക്കുക, അത്തരം ബന്ധങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുക എന്നിവ പാര്‍ലമെന്റിന്റെ അധികാര പരിധിയിലാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ജസ്റ്റിസുമാരായ എസ് കെ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്. വിവിധ ഹൈക്കോടതികളിലുള്ള സമാന ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 13നാണ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഭരണഘടനാ ബെഞ്ചിന് വിട്ടത്.

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം എന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുമ്പോഴും, സ്വവര്‍ഗ പങ്കാളികള്‍ക്ക് വിവാഹിതരുടെ നിയമ പരിരക്ഷ ലഭിക്കുന്നില്ലെന്നാണ് ഹര്‍ജികള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വവര്‍ഗ വിവാഹം നിയമപരമാക്കി ഇത് സാധ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുട്ടികളെ ദത്തെടുക്കുക, വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുക, സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശം ലഭിക്കുക, വരുമാന നികുതിയില്‍ ഇളവ് ലഭിക്കുക തുടങ്ങി വിവാഹിതര്‍ക്ക് ലഭിക്കുന്ന പരിഗണനയും ആനുകൂല്യങ്ങളും സ്വര്‍ഗ പങ്കാളികള്‍ക്ക് ലഭിക്കുന്നില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും