INDIA

തമിഴ്നാട്ടില്‍ ബിജെപിക്ക് സഖ്യകക്ഷി ഇല്ലാതാകുന്നു; ദ്രാവിഡ മണ്ണില്‍ ചുവടുറപ്പിക്കാനാകാതെ എന്‍ഡിഎ

അന്തരിച്ച മുഖ്യമന്ത്രിയെ അപമാനിക്കുന്നത് തന്റെ പാർട്ടി പ്രവർത്തകർ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു അണ്ണാമലൈക്കെതിരെ ജയകുമാറിന്റെ പരാമർശം

വെബ് ഡെസ്ക്

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉറച്ച വിളനിലമായ തമിഴ്നാട്ടില്‍ പ്രതീക്ഷകള്‍ പൂവിടാനാകാതെ ബിജെപി. തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം പൊളിയുന്നു എന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ബിജെപിയുമായുള്ള സഖ്യം തുടരാനാകില്ലെന്ന് തുറന്നു പറയാന്‍ എഐഎഡിഎംകെ നേതാക്കള്‍ തയ്യാറായതോടെയാണ് ഭിന്നത പരസ്യമാകുന്നത്. ബിജെപി തമിഴ്നാട് അധ്യക്ഷന്റെ പരാമര്‍ശങ്ങളോട് പ്രതിഷേധിച്ചാണ് എഐഎഡിഎംകെ ഇത്തവണ നിലപാട് കടുപ്പിക്കുന്നത്.

മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ ആണ് ബിജെപിയുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ചിരിക്കുന്നത്. ദ്രാവിഡ നേതാക്കളെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ നടത്തിയ പ്രസ്താവനകളാണ് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-ബിജെപി ബന്ധത്തിൽ വിളളൽ വര്‍ധിപ്പിച്ചത്.

ഡിഎംകെ നേതാവും തമിഴ്നാടിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു സിഎൻ അണ്ണാദുരൈയെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ കടുത്ത വിമർശനവുമായാണ് മുതിർന്ന എഐഎഡിഎംകെ നേതാവ് ജയകുമാർ രം​ഗത്തെത്തിയത്. കൂടാതെ, ജയലളിത അടക്കമുളള എഐഎഡിഎംകെ നേതാക്കൾക്കെതിരെ അണ്ണാമലൈ നേരത്തെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എഐഎഡിഎംകെ സഖ്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അന്തരിച്ച മുഖ്യമന്ത്രിയെ അപമാനിക്കുന്നത് തന്റെ പാർട്ടി പ്രവർത്തകർ വെച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു അണ്ണാമലൈക്കെതിരെയുളള ജയകുമാറിന്റെ പരാമർശം. എഐഎഡിഎംകെ നേതാക്കളെ കുറിച്ച് അണ്ണാമലൈ വിമർശനാത്മക പരാമർശങ്ങൾ നടത്തിയതിന് പിന്നാലെ ബിജെപിയുടെ അധ്യക്ഷനെ നിയന്ത്രിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദ്രാവിഡ നേതാക്കൾക്കെതിരെയുളള ബിജെപിയുടെ വിമർശനങ്ങൾ തങ്ങൾക്ക് ഇനി സഹിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപി എഐഎഡിഎംകെയ്‌ക്കൊപ്പമല്ലെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള കാര്യങ്ങൾ അന്നേരം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പാർട്ടിയടെ തീരുമാനമാണെന്നും ജയകമാർ പറഞ്ഞു.

അണ്ണാമലൈ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ലെങ്കിലും ബിജെപി പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ നേതാക്കളുടെ ഈ വിമർശനങ്ങളെല്ലാം സഹിക്കണോ? ഞങ്ങൾ എന്തിന് നിങ്ങളെ ചുമക്കണം? എന്നു ചോദിച്ചു കൊണ്ടുളള രൂക്ഷമായ വിമർശനമാണ് ജയകുമാർ അണ്ണാമലൈക്കെതിരെ നടത്തിയിരിക്കുന്നത്. ബിജെപിക്ക് ഇവിടെ കാലുകുത്താനാകില്ലെന്നും സംസ്ഥാനത്തെ ബിജെപിയുടെ വോട്ടുബാ​ങ്ക് എത്രയാണെന്ന് തങ്ങൾക്ക് അറിയാമെന്നും ജയകുമാർ വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപി അറിയപ്പെടുന്നത് തങ്ങൾ കാരണമാണെന്നും അദ്ദേഹം ബിജെപിയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ചേദിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിയാണ് ഭിന്നത സംബന്ധിച്ച കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമി ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയില്‍ എത്തിയിരുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി