INDIA

മണിപ്പൂർ: അവിശ്വാസപ്രമേയത്തിൽ ലോക്സഭയിൽ ചർച്ച ഓഗസ്റ്റ് എട്ടുമുതൽ, 10ന് പ്രധാനമന്ത്രിയുടെ മറുപടി

വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് വേണ്ടി ജൂലൈ 26ന് കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയത്

വെബ് ഡെസ്ക്

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഓഗസ്റ്റ് എട്ടുമുതൽ ലോക്സഭ ചർച്ചയ്‌ക്കെടുക്കും. എട്ട്, ഒൻപത് തീയതികളിലാകും ചർച്ച നടക്കുക. ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി മറുപടി പറയും. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് തീയതി പുറത്തുവിട്ടത്.

മണിപ്പൂരിലെ വംശീയ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് പാർലമെന്റിൽ മറുപടി പറയിക്കുകയാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് വേണ്ടി ജൂലൈ 26ന് കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് അനുമതി നേടിയത്. ബിആർഎസും വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിരുന്നു.

അൻപത് എംപിമാരുടെ പിന്തുണ ലഭിച്ചതിനെത്തുടർന്ന് ലോക്സഭാധ്യക്ഷൻ ഓം ബിർള പ്രമേയം അംഗീകരിച്ചിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള, ഡിഎംകെയുടെ ടിആർ ബാലു, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരുൾപ്പെടെ പ്രതിപക്ഷ ബ്ലോക്കായ 'ഇന്ത്യ'യുടെ എംപിമാർ പ്രമേയത്തെ പിന്തുണച്ചു.

2014ൽ അധികാരത്തിലേറിയ ശേഷം രണ്ടാം തവണയാണ് മോദി സർക്കാർ അവിശ്വാസപ്രമേയം നേരിടുന്നത്. 2018 ജൂലൈയിലായിരുന്നു ആദ്യ അവിശ്വാസപ്രമേയം. നിലവിലെ പ്രമേയം പാസാക്കാൻ ആവശ്യമായ പിന്തുണ പ്രതിപക്ഷത്തിനില്ലെങ്കിലും മണിപ്പൂർ വിഷയം സജീവമാക്കി നിർത്തുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

രാജ്യസഭയും മണിപ്പൂർ വിഷയത്തെച്ചൊല്ലി കലുഷിതമാണ്. വിഷയം രാജ്യസഭയിൽ ചർച്ച ചെയ്യുകയാണെങ്കിൽ ചട്ടം 267ന് കീഴിൽതന്നെ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലിസ്റ്റ് ചെയ്ത മറ്റ് വിഷയങ്ങളെല്ലാം മാറ്റിവച്ച് രാജ്യം അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നം ചർച്ച ചെയ്യാൻ അനുവദിക്കുന്നതാണ് ചട്ടം 267. എന്നാൽ സർക്കാർ അതിന് തയ്യാറായിട്ടില്ല. ചട്ടം 176 പ്രകാരം ഹ്രസ്വ ചർച്ച നടത്താമെന്നാണ് സർക്കാരിന്റെ പക്ഷം.

മണിപ്പൂർ വംശീയ കലാപത്തിൽ നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നുവെന്നും മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയുമാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും, പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ