വിവാദ ട്വീറ്റില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് ഡല്‍ഹി പോലീസ്. സാമുഹ്യമാധ്യമത്തിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചെന്ന കേസിലാണ് പോലീസ് ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ട്വീറ്റിന്റെ പേരില്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി പോലീസിനോട് വിശദീകരണം തേടിയിരുന്നു.
ട്വിറ്ററിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ (എന്‍സിപിസിആര്‍) പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം മുഹമ്മദ് സുബൈറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സുബൈറിനെതിരെ ഒരു ക്രിമിനല്‍ കുറ്റവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ അഭിഭാഷക നന്ദിത റാവു ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ, തുടര്‍ നടപടിക്കു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. കേസ് മാര്‍ച്ച് രണ്ടിന് വീണ്ടും പരിഗണിക്കും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സാമുഹ്യമാധ്യമത്തിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് ട്വിറ്റര്‍ ഉപയോക്താവും എന്‍സിപിസിആറും കോടതിയെ സമീപിക്കുകയായിരുന്നു.
2020 ഓഗസ്റ്റ് ആറിനായിരുന്നു സുബൈറിന്റെ ട്വീറ്റ്. ആൾട്ട് ന്യൂസിലെ ഫാക്ട് ചെക്കുമായി ബന്ധപ്പെട്ട കുറിപ്പില്‍ ട്വിറ്ററില്‍ തര്‍ക്കമുണ്ടായി. സുബൈറിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു എതിര്‍പ്പ് അറിയിച്ചയാളുടെ ട്വീറ്റ്. കൊച്ചുമകളോടൊപ്പമുള്ള ചിത്രമായിരുന്നു അയാള്‍ പ്രൊഫൈല്‍ ചിത്രമായി ചേര്‍ത്തിരുന്നത്. അതിന്, 'സാമൂഹ്യമാധ്യമത്തിൽ ആളുകളെ അപമാനിക്കുന്നതാണ് നിങ്ങളുടെ പാർട്ട് ടൈം ജോലിയെന്ന് കൊച്ചുമകൾക്ക് അറിയാമോ? നിങ്ങൾ പ്രൊഫൈൽ ചിത്രം മാറ്റണമെന്നാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്' -എന്ന് മറുപടി നൽകി. അയാളുടെ പ്രൊഫൈല്‍ ചിത്രം ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സുബൈറിന്റെ മറുപടി. എന്നാല്‍, കുട്ടിയെ മനസിലാകാത്തവിധം ഫോട്ടോ ഫേഡ് ചെയ്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സാമുഹ്യമാധ്യമത്തിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് ട്വിറ്റര്‍ ഉപയോക്താവും എന്‍സിപിസിആറും കോടതിയെ സമീപിക്കുകയായിരുന്നു.
സുബൈറിന്റെ ട്വീറ്റ് കുറ്റകരമല്ലെന്ന് പോലീസ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍സിപിആര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
എഫ്ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിക്കാരായ എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോയ്‌ക്കും ട്വിറ്ററില്‍ പ്രതികരിച്ചയാള്‍ക്കും എതിരെ നടപടിയും ആവശ്യപ്പെട്ടുകൊണ്ടാണ് സുബൈര്‍ ഹൈക്കോടതിയെ സമീപിച്ചത്. സുബൈറിന്റെ ട്വീറ്റ് കുറ്റകരമല്ലെന്ന് പോലീസ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍സിപിആര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
നിയമത്തെ ദുരുപയോഗപ്പെടുത്തി മുഹമ്മദ് സുബൈറിനെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ പ്രതികരിച്ചത്. നിയമ പോരാട്ടത്തില്‍ സുബൈറിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.