കിരണ്‍ റിജിജു, ചീഫ് ജസ്റ്റിസ് എന്‍.വി രമണ 
INDIA

'ലോകത്തൊരു നീതിന്യായ വ്യവസ്ഥയും ഇന്ത്യയിലെപ്പോലെ സ്വതന്ത്രമല്ല'; ചീഫ് ജസ്റ്റിസിന് മറുപടിയുമായി നിയമമന്ത്രി

മാധ്യമങ്ങള്‍ സമാന്തര കോടതികളാവുകയാണെന്ന ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ പരാമര്‍ശത്തോടാണ് കിരണ്‍ റിജിജുവിന്റെ പ്രതികരണം

വെബ് ഡെസ്ക്

ന്യായാധിപന്‍മാര്‍ പോലും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സമാന്തര കോടതികളാവുകയാണെന്ന ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ലോകത്തൊരു നീതിന്യായ വ്യവസ്ഥയും ഇന്ത്യയിലെപ്പോലെ സ്വതന്ത്രമല്ല. രാജ്യത്തെ ജഡ്ജിമാരും നീതിന്യായസംവിധാനവും സംരക്ഷിക്കപ്പെട്ടതാണ്. ഇന്ത്യയിലേതുപോലെ ലോകത്തെവിടെയും ജഡ്ജിയും നീതിന്യായസംവിധാനവും ഇത്രയേറെ സ്വതന്ത്രമല്ലെന്ന് കൃത്യതയോടെ പറയാന്‍ തനിക്ക് സാധിക്കുമെന്നും റിജിജു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് നടത്തിയ കങ്കാരു കോടതി പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കിരണ്‍ റിജിജു

ഇന്ത്യയിലും ലോകമെമ്പാടും നിലനില്‍ക്കുന്ന സാഹചര്യങ്ങളെ കുറിച്ചുള്ള നിരീക്ഷണമായിരിക്കാം മാധ്യമ വിചാരണയെപ്പറ്റിയുള്ള ചീഫ് ജസ്റ്റിസിന്‍റെ അഭിപ്രായങ്ങൾ. ആർക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കിൽ, അക്കാര്യം നമുക്ക് പൊതുസഞ്ചയത്തിൽ ചർച്ച ചെയ്യാം. അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ കൂടുതല്‍ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ചീഫ് ജസ്റ്റീസ് നടത്തിയത്. മാധ്യമങ്ങള്‍ കങ്കാരു കോടതികളാകുന്നുവെന്നും ടെലിവിഷന്‍ സംവാദങ്ങളും സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകളും രാജ്യത്തെ പിന്നോട്ടാണ് നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അജണ്ടയുള്ളതും പക്ഷപാതിത്വം നിറഞ്ഞതും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതുമായ മാധ്യമ സമീപനം ജനാധിപത്യവിരുദ്ധമാണ്. ന്യായാധിപന്‍മാര്‍ പോലും തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുന്ന വിഷയങ്ങളില്‍ മാധ്യമങ്ങള്‍ സമാന്തര കോടതികളാവുകയാണ്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ പ്രത്യേക അജണ്ട നടപ്പാക്കലിന്റെ ഭാഗമോ ആണ് മാധ്യമ ചര്‍ച്ചകള്‍. കോടതിവിഷയങ്ങളിലടക്കം ഇങ്ങനെ ചര്‍ച്ച നടത്തുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് തടസ്സമാണ്. മാധ്യമ വിചാരണ കേസുകള്‍ തീര്‍പ്പാക്കുന്നതിലെ ഘടകമാകരുത്. അച്ചടിമാധ്യമങ്ങള്‍ അല്‍പ്പമെങ്കിലും ഉത്തരവാദിത്വം കാണിക്കാറുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്ഥിതി അതല്ല. സമൂഹമാധ്യമങ്ങളുടെ കാര്യം അതിലും മോശമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ