കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിയില്‍ യുവ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി സഞ്ജയ് റോയിയെ നുണപരിശോധനയ്ക്ക് വിധേയനാക്കില്ല. പ്രതിയെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബി നല്‍കി അപേക്ഷ കൊല്‍ക്കത്ത കോടതി തള്ളി.
പരിശോധന നടത്താന്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) യില്‍ നിന്ന് വിദഗ്ധ സംഘത്തെ കൊല്‍ക്കത്തയില്‍ എത്തിച്ചിരുന്നു. പ്രതിയെ ലേയേര്‍ഡ് വോയ്സ് അനാലിസിസ് ടെസ്റ്റിനും വിധേയനാക്കാനായിരുന്നു സിബിഐയുടെ പദ്ധതി.
എന്നാല്‍ കോടതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. ''സിഎഫ്എസ്എല്ലിന്റെ സൈക്കോളജിക്കല്‍ ആന്‍ഡ് ബിഹേവിയറല്‍ അനാലിസിസ് യൂണിറ്റില്‍ നിന്നുള്ള ഒരു പ്രത്യേക സംഘം കൊല്‍ക്കത്തയിലെത്തിയിരുന്നു. സൈക്കോ അനാലിസിസും ലേയേര്‍ഡ് വോയിസ് അനാലിസിസ് ടെസ്റ്റുകളും നടത്താനായിരുന്നു ശ്രമം. എന്നാല്‍ കോടതിയുടെ അനുമതി ലഭിച്ചില്ല. ഉത്തരവിനെതിരേ മേല്‍ക്കോടതിയെ സമീപിക്കും ''-ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ഏജന്‍സിയില്‍ നിന്നുള്ള 25 അംഗ സംഘം ആണ് കൊല്‍ക്കത്തയില്‍ എത്തിയിട്ടുള്ളത്. സംഘം ആര്‍ ജി കര്‍ ആശുപത്രിയിലും, അറസ്റ്റിലായ മുഖ്യപ്രതിയായ സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയ് താമസിക്കുന്ന സാള്‍ട്ട് ലേക്കിലെ കൊല്‍ക്കത്ത പോലീസിന്റെ ആംഡ് ഫോഴ്സ് നാലാം ബറ്റാലിയന്റെ ബാരക്കിലും കുറ്റകൃത്യം നടന്ന സ്ഥലത്തും എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ച് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
31 കാരിയായ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ഓഗസ്റ്റ് 9 നാണ് സര്‍ക്കാരിന് കീഴിലുള്ള ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷമാണ് സിവില്‍ വോളന്റിയറായ സഞ്ജയ് റോയി അറസ്റ്റിലായത്.