വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. സിനിമ കാണാന്‍ ആളില്ലാത്തത് കൊണ്ടാണ് സിനിമയുടെ പ്രദര്‍ശനം തീയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചതെന്നും തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സിനിമയ്‌ക്ക് വിലക്ക് ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിലാണ് തമിഴ്നാട് സർക്കാരിന്റെ മറുപടി.
അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമ കാണാന്‍ ആളുകള്‍ തീയേറ്ററില്‍ എത്താത്തത്. റിലീസിന് മുൻപ് തന്നെ തീയേറ്ററുകൾക്കും മൾട്ടിപ്ലക്‌സുകൾക്കും ആവശ്യമായ സുരക്ഷ സംസ്ഥാനം ഒരുക്കിയിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്ന് ആവേശകരമായ പ്രതികരണം ലഭിക്കാത്തതിനാൽ മെയ് 7 മുതൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ ഉടമകൾ തീരുമാനിച്ചതെന്നും സർക്കാർ അറിയിച്ചു.
"എല്ലാ എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കുമിടയിലും മെയ് 5 ന് തമിഴ്‌നാട്ടിലെ 19 മൾട്ടിപ്ലക്സുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. എന്നാൽ ആവേശകരമായ രീതിയിലുള്ള പ്രേക്ഷക പ്രതികരണം ഇല്ലാത്തതിനാലാണ് മെയ് 7 മുതൽ തീയേറ്റർ ഉടമകൾ ചിത്രം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിനെതിരെ സംസ്ഥാനത്തുടനീളം വ്യാപക വിമർശങ്ങൾ ഉയർന്നിരുന്നു. സാധാരണ ജനങ്ങൾക്കിടയിൽ ഇസ്ലാമോഫോബിയ പരത്തുക, മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് ചിത്രം നിർമിച്ചിട്ടുള്ളത് എന്നാരോപിച്ച് ചില മുസ്ലിം സംഘടനകളും രംഗത്ത് വന്നിരുന്നു-" സംസ്ഥാനം കോടതിയെ അറിയിച്ചു.
തമിഴ്‌നാട്ടിൽ സിനിമക്ക് നിരോധനം ഉണ്ടെന്ന് നിർമാതാക്കൾ കോടതിയെ തെറ്റദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനം ആരോപിച്ചു. "സിനിമയുടെ പ്രദർശനത്തിന് നിയന്ത്രണമുണ്ടെന്ന് കേരള സ്റ്റോറി നിർമാതാക്കൾ സുപ്രീംകോടതിയിൽ തെറ്റായി ബോധിപ്പിച്ചു. എന്നാൽ സിനിമയുടെ പ്രദർശനം നിരോധിച്ചുകൊണ്ട് തമിഴ്‌നാട് സർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ചിത്രത്തിന് സംസ്ഥാനത്ത് യാതൊരു നിരോധനവും ഇല്ല"- സർക്കാർ പറഞ്ഞു,
കേരള സ്റ്റോറി നിരോധിച്ചതിൽ ബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. തമിഴ്‌നാട്ടിൽ ചിത്രത്തിന് 'ഷാഡോ ബാൻ' ഏർപ്പെടുത്തിയിരിക്കുകയാണെന്ന് സൺഷൈൻ പ്രൊഡക്ഷൻസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു. ഭീഷണിയെത്തുടർന്ന് തീയേറ്റർ ഉടമകൾ ചിത്രം പിൻവലിച്ചതിനാൽ ചിത്രം നിരോധനം നേരിടുകയാണ്. സംസ്ഥാനത്ത് ചിത്രം പ്രദർശിപ്പിക്കാൻ സുരക്ഷ വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രദർശിപ്പിക്കുമ്പോൾ ബംഗാൾ സർക്കാർ ചിത്രം നിരോധിച്ചതിന്റെ യുക്തി എന്താണെന്ന് കോടതി വാദം കേൾക്കുന്നതിനിടയിൽ ചോദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും. മെയ് അഞ്ചിനാണ് കേരള സ്റ്റോറി തീയേറ്ററുകളിൽ എത്തിയത്.