വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പോസ്റ്ററുകളും ബാനറുകളും ഉൾപ്പെടുത്തിയുള്ള പ്രചാരണമില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ചെയ്ത പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ മാത്രം വോട്ട് ചെയ്താൽ മതിയെന്നാണ് നിതിൻ ഗഡ്കരിയുടെ നിലപാട്. മഹാരാഷ്ട്രയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗഡ്ഗരിയുടെ പ്രഖ്യാപനം. വോട്ടർമാർക്ക് വാഗ്ദാനങ്ങൾ നൽകാനില്ല, അഴിമതിയിൽ ഏർപ്പെടില്ലെന്നും മറ്റുള്ളവരെ അഴിമതിയിൽ ഏർപ്പെടാൻ അനുവദിക്കില്ലെന്നും ചടങ്ങിൽ സംസാരിക്കവെ ഗഡ്കരി വ്യക്തമാക്കി.
"ഞാൻ നിങ്ങളെ സേവിച്ചു. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ എനിക്ക് വോട്ട് ചെയ്യുക, താൽപ്പര്യമില്ലെങ്കിൽ വേണ്ട. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കില്ലെന്നും ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകില്ലെന്നും ഞാൻ തീരുമാനിച്ച് കഴിഞ്ഞു. ആർക്കും പണവും നൽകില്ല, മദ്യവും നൽകില്ല. ഞാൻ അഴിമതിയിൽ ഏർപ്പെടില്ല, നിങ്ങളെയും ഏർപ്പെടാൻ അനുവദിക്കില്ല, ” അദ്ദേഹം പറഞ്ഞു. ഉപതിതല ഗതാഗത മന്ത്രിയായ ഗഡ്കരി നാഗ്പൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ്.
ദേശീയ പാതകളിലെ കുഴികൾ നികത്താനുള്ള പദ്ധകികൾ സർക്കാർ ആവിഷ്‌കരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) മാതൃക ഉപയോഗിച്ച് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുമെന്നും അറിയിച്ചിരുന്നു. അടുത്ത 15-20 വർഷത്തേക്ക് അറ്റകുറ്റപ്പണികൾ ആവശ്യമായ വരില്ലാത്ത രീതിയിൽ എഞ്ചിനീയറിങ് പ്രൊക്യൂർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) മോഡിലായിരിക്കും റോഡുകൾ നിർമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.