ആർഎസ്എസ് നേതാവിനെതിരെ നടത്തിയ പ്രസ്താവനകളില്‍ മാപ്പ് ചോദിക്കുന്ന പ്രശ്നമില്ലെന്ന് ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്. അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം രാം മാധവ് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സത്യപാൽ മാലിക് നിലപാട് വ്യക്തമാക്കിയത്. നേരത്തേ ദേശീയ മാധ്യമമായ ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാം മാധവിനെതിരെയുള്ള മാലികിന്റെ വെളിപ്പെടുത്തലുകള്‍.
ഹൈഡ്രോ-ഇലക്‌ട്രിക് പദ്ധതിക്കും റിലയൻസ് ഇൻഷുറൻസ് പദ്ധതിക്കും അനുമതി നല്‍കാനാവശ്യപ്പെട്ട് ബിജെപി-ആർഎസ്എസ് നേതാവ് രാം മാധവ് താൻ ജമ്മു കശ്മീർ ഗവർണറായിരുന്നപ്പോൾ സമീപിച്ച വിവരം മാലിക് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. താൻ അത് നിരസിച്ചുവെന്നും ഒരു തെറ്റായ കാര്യവും ചെയ്യില്ലെന്ന് മറുപടി നല്‍കിയെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് പദ്ധതികള്‍ക്കും അനുമതി നല്‍കിയാല്‍ തനിക്ക് 300 കോടി രൂപയോളം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും മാലിക് പറഞ്ഞിരുന്നു.
നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ സത്യപാല്‍ മാലിക് മാപ്പ് പറയണമെന്നാണ് രാം മാധവ് ആവശ്യപ്പെട്ടത്. ജനശ്രദ്ധ നേടുന്നതിനും സെൻസേഷണലിസം സൃഷ്ടിക്കുന്നതിനും അസത്യവും അപകീർത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്ന് നോട്ടീസില്‍ ആരോപിക്കുന്നുണ്ട്. അഭിമുഖം നടത്തുന്നയാളുമായി മാലിക് ഗൂഢാലോചന നടത്തിയെന്നും ആരോപണമുണ്ട്. എന്നാല്‍ മാപ്പ് ചോദിക്കുന്ന പ്രശ്നമില്ലെന്നും നോട്ടീസിന് രേഖാമൂലം മറുപടി അയക്കുമെന്നും സത്യപാല്‍ മാലിക് പറഞ്ഞു. ഈ നോട്ടീസ് അയക്കാൻ ആരെങ്കിലും രാം മാധവില്‍ സമ്മർദ്ദം ചെലുത്തിയിരിക്കാമെന്നും മാലിക് കൂട്ടിച്ചേർത്തു.
ഇത് നേതാവിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രസ്താവന പൂർണ്ണമായും അസത്യവും അപകീർത്തികരവുമാണെന്നും രാം മാധവിന്റെ അഭിഭാഷകൻ ദി പ്രിന്റിനോട് പറഞ്ഞു. മാത്രമല്ല, ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നും ഇത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പുല്‍വാമ ആക്രമണ സമയത്തുള്‍പ്പെടെ ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാല്‍ മാലികിന്റെ അഭിമുഖം ദ പ്രിന്റ് പുറത്തു വിട്ടത്. കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരെയുള്ള അതി നിർണായക വെളിപ്പെടുത്തലുകളുള്ള അഭിമുഖം വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചയുണ്ടായെന്നാണ് സുപ്രധാന വെളിപ്പെടുത്തല്‍. വീഴ്ച മറച്ചു വയ്ക്കാന്‍ പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടെന്നും സത്യപാല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്.