താരദമ്പതികളായ നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്. വാടകഗർഭധാരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. തമിഴ്‌നാട് ആരോഗ്യ ജോയിന്റ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നം സംഘത്തിന്റെ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. 2021ലെ സറോഗസി റഗുലേഷന്‍ ആക്ടിന്റെ ലംഘനം ഇരുവരും നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2016 മാര്‍ച്ചില്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇതു സംബന്ധിച്ച രേഖകൾ ഹാജരാക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വിവാഹ രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പാക്കിയിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഐസിഎമ്മാറിന്റെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് വാടക ഗര്‍ഭധാരണം നടന്നിട്ടുളളത്. വാടക ഗര്‍ഭധാരണത്തിന് തയാറായ യുവതിയും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
അതേസമയം ചികിത്സാരേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാടക ഗർഭധാരണം നടന്ന ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീയ് അയച്ചു. ഐസിഎംആർ മാർഗനിർദേശപ്രകാരം ദമ്പതികൾക്ക് നൽകിയ ചികിത്സയുടെയും വാടക ഗര്‍ഭധാരണം നടത്തിയ യുവതിയുടെയും ആരോഗ്യനിലയുടെ കൃത്യമായ രേഖകൾ ആശുപത്രി സൂക്ഷിക്കണം. എന്നാൽ ഇത് സംബന്ധിച്ച രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ ആശുപത്രിക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ആശുപത്രി അടച്ചുപൂട്ടാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്ന് കാണിച്ചാണ് നോട്ടീസ്.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളില്ലാതിരുന്നാല്‍ മാത്രമേ വാടക ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ അനുമതിയുള്ളൂ. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ ദമ്പതികൾക്ക് എങ്ങനെയാണ് വാടക ഗർഭധാരണത്തിലൂടെ കുട്ടികളുണ്ടായത് എന്നതിനെ ചൊല്ലി നിരവധി വിവാദങ്ങൾ നിലനിന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
2021 നവംബറിലാണ് നയന്‍താരയും വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിന് കരാർ ഒപ്പിട്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ ജൂണിലാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ ചടങ്ങ് നടന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് ഇരട്ടകുട്ടികള്‍ ജനിച്ചതായി ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ താരദമ്പതികളുടെ വാടക ഗർഭധാരണം സംബന്ധിച്ച വിവാദങ്ങളും അവസാനിച്ചിരിക്കുകയാണ്.