INDIA

കശ്മീരില്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് വോട്ടവകാശം നല്‍കാന്‍ കേന്ദ്രാനുമതി; അട്ടിമറി നീക്കമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

വെബ് ഡെസ്ക്

ജമ്മു കശ്മീരില്‍ തദ്ദേശീയരല്ലാത്തവര്‍ക്ക് വോട്ടു ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വോട്ടര്‍ പട്ടിക പുതുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏകദേശം 25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഉണ്ടാകാനാണ് സാധ്യത.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ എതിര്‍ത്ത് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും, മെഹബൂബ മുഫ്തിയും രംഗത്തെത്തി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുളള അപകടകരമായ നീക്കമാണ് ഇതെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്

പുതിയ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പിന് മുന്നോടിയായി 20 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയിലേയ്ക്ക് ചേര്‍ക്കപ്പെടുമെന്ന് ജമ്മു കശ്മീര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഹിര്‍ദേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ നിലവിലുള്ള 76 ലക്ഷം വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നിലൊരു ഭാഗം ആളുകള്‍ വര്‍ധിക്കും. ജമ്മു കശ്മീരില്‍ ബിജെപിക്ക് ലഭിക്കുന്ന പിന്തുണ സംബന്ധിച്ചുള്ള അരക്ഷിതാവസ്ഥയാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ നയിച്ചതെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വിഷയത്തോട് പ്രതികരിച്ചത്. വോട്ട് നേടുന്നതിന് വേണ്ടി താല്‍ക്കാലിക വോട്ടര്‍മാരെ ഇറക്കേണ്ട ഗതികേടാണ് ബിജെപിക്കെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മെഹബൂബ മുഫ്തിയുടെ ട്വീറ്റ്

തദ്ദേശീയവരല്ലാത്തവരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രത്തിന്റെ ഈ നടപടിയെ നാസി ജര്‍മ്മനിയെയും പലസ്തീനുമായാണ് അവര്‍ താരതമ്യം ചെയ്തത്. ജനാധിപത്യം അപകടത്തിലാണെന്നും 25 ലക്ഷം വോട്ടര്‍മാരെ പിന്‍വാതിലിലൂടെ കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും