INDIA

ന്യായ് യാത്ര: അസമില്‍ വാക്പോര്; രാഹുലിന്റേത് നക്‌സലിസമെന്ന് ഹിമന്ത, ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് മറുപടി

പ്രകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയും ബിജെപിയും ശ്രമിക്കുന്നതെന്നും എന്നാൽ താനതിൽ വീഴില്ലെന്നും രാഹുൽ

വെബ് ഡെസ്ക്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലെത്തുമ്പോള്‍ രാഷ്ട്രീയ പോര് കനക്കുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രാഹുല്‍ ഗാന്ധിയും രൂക്ഷമായ ഭാഷയിലാണ് പരസ്പരം ആരോപണങ്ങളുന്നയിച്ചത്.

സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലുകളെ നക്‌സലൈറ്റ് തന്ത്രമെന്നായിരുന്നു ഹിമന്ത വിശേഷിപ്പിച്ചത്. ഗുവാഹത്തിയില്‍ ജോഡോ യാത്ര തടയാന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രാഹുല്‍ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരുന്നു അസം മുഖ്യമന്ത്രിയുടെ ആരോപണം. രാഹുല്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയാണെന്നും ഹിമന്ത ആരോപിച്ചു.

എന്നാൽ, രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്നായിരുന്നു ഹിമന്തയ്ക്ക് മറുപടിയായി രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തന്നെ പ്രകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയും ബിജെപിയും ശ്രമിക്കുന്നതെന്നും താൻ അതിൽ വീഴില്ലെന്നും രാഹുൽ പറയുന്നു. അധികാരം എല്ലാതരം മനുഷ്യരിലേക്കും തുല്യമായി വിതരണം ചെയ്യപ്പെടണം. അതിനുവേണ്ടിയാണ് തങ്ങൾ ജാതി സെൻസസ് അവതരിപ്പിച്ചത്. അതിനു തന്നെയാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നതെന്നും രാഹുൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുഭാഗത്ത് ആർഎസ്എസും മറുഭാഗത്ത് 'ഇന്ത്യ' സഖ്യവുമായിരിക്കും. ഇന്ന് ഇന്ത്യ സഖ്യത്തിനൊപ്പം 60 ശതമാനം വോട്ടുകളുണ്ട്. ഇന്ത്യയും ബിജെപിയും തമ്മിലാണ് മത്സരം. ആര് പ്രധാനമന്ത്രിയാകണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും.

ഹിമന്ത ഒറ്റയ്ക്കല്ല അസം ഭരിക്കുന്നത്. ഭരണം ഡൽഹിയിൽ നിന്നാണ്. കേന്ദ്രത്തിന് താല്പര്യമില്ലാത്ത ഒരു വാക്കുപോലും മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി കേസുകളുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് കേന്ദ്രത്തിനെതിരെ സംസാരിക്കാനാകില്ല. സാധാരണക്കാരായ ബിജെപി പ്രവർത്തകർക്ക് പോലും ഈ മുഖ്യമന്ത്രിയെ വേണ്ട. ഇദ്ദേഹത്തെ മുകളിൽനിന്ന് നിയമിച്ചതാണ്.

അതിനിടെ, ഭാരത് ന്യായ യാത്രയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങളെ രാഹുല്‍ ഗാന്ധി പരിഹസിച്ചു. താന്‍ കണ്ടത് പ്രതിഷേധമായിരുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ബിജെപി പതാകയേന്തിയ ആളുകള്‍ തന്നെ അഭിവാദ്യം ചെയ്യുകയായിരുന്നുവെന്നും പ്രതികരിച്ചു.

അസം മുഖ്യമന്ത്രി ന്യായ് യാത്രയ്‌ക്കെതിരാണ്. മുഖ്യമന്ത്രി പറയുന്നു ഇത് പ്രതിഷേധമാണെന്ന്. താൻ കടന്നുപോകുന്ന റോഡിന്റെ വശങ്ങളിൽ തടിച്ചുകൂടിയ ആളുകൾ ഒരു കയ്യിൽ ബിജെപി കൊടിയേന്തി മറ്റേ കൈ കൊണ്ട് തന്നെ അഭിവാദ്യം ചെയ്യുന്നു. ഇതിനെ എങ്ങനെ പ്രതിഷേധമെന്നു വിളിക്കുമെന്നും രാഹുൽ പറഞ്ഞു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി