Supreme Court  
INDIA

കൃഷ്ണയ്യരുടെ വിധി സുപ്രീംകോടതി തിരുത്തി; പൊതുനന്മ മുൻനിർത്തി എല്ലാ സ്വകാര്യ ഭൂമിയും സർക്കാരിന് ഏറ്റെടുക്കാനാകില്ല

1978ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് 8:1 ഭൂരിപക്ഷത്തിലുള്ള വിധി

വെബ് ഡെസ്ക്

പൊതുനന്മ മുൻ നിർത്തി എല്ലാ സ്വകാര്യസ്വത്തുക്കളും സർക്കാരുകൾക്ക് ഏറ്റെടുക്കാൻ സാധിക്കില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടനാ അനുച്ഛേദം 39(ബി) അനുശാസിക്കുന്ന 'സമൂഹ ഭൗതിക വിഭവങ്ങൾ' എന്ന പരിധിയിൽ എല്ലാ സ്വകാര്യ സ്വത്തുക്കളെയും കണക്കാക്കാമെന്ന് 1978ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് 8:1 ഭൂരിപക്ഷത്തിലുള്ള വിധി.

അനുച്ഛേദം 39(ബി) പ്രകാരം, സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും പൊതുനന്മ നിലനിർത്തുന്നതിന് ഏറ്റവും മികച്ച രീതിയിൽ വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. ഇതിൽ 'സമൂഹ ഭൗതിക വിഭവങ്ങൾ' എന്നതിൻറെ പരിധിയിൽ എല്ലാ സ്വകാര്യ സ്വത്തുക്കളും വരില്ലെന്നും എന്നാൽ ചിലത് ഉൾപ്പെടുമെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഭൂരിപക്ഷാഭിപ്രായം തയാറാക്കിയത് ചീഫ് ജസ്റ്റിസ് ഡി വി ചന്ദ്രചൂഡാണാണ്. അതേസമയം, ജസ്റ്റിസ് ബി വി നാഗരത്‌ന ഭാഗികമായി സമ്മതിക്കുകയും ജസ്റ്റിസ് സുധാംശു ധൂലിയ ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിക്കുകയും ചെയ്തു.

'സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങൾ' എന്ന വാചകത്തിൽ സൈദ്ധാന്തികമായി സ്വകാര്യ ഉടമസ്ഥതയിലുള്ള വിഭവങ്ങൾ ഉൾപ്പെടാമെങ്കിലും രംഗനാഥ് റെഡ്‌ഡി കേസിൽ ജസ്റ്റിസ് കൃഷ്ണയ്യർ പുറപ്പെടുവിച്ച ന്യൂനപക്ഷ വിധിയിൽ പ്രകടിപ്പിച്ച വിപുലമായ വീക്ഷണം അംഗീകാരിക്കാനാകില്ല എന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. ഒരു വിഭവം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനവും അതിന്റെ സ്വഭാവം അനുസരിച്ചാകും അനുച്ഛേദം 39(ബി)യുടെ പരിധിയിൽ വരുമോ എന്നത് തീരുമാനിക്കുക എന്നും ബെഞ്ച് പറഞ്ഞു.

മെയ് ഒന്നിന് ബെഞ്ച് വിധി പറയാൻ മാറ്റിവച്ചതിന് ശേഷമാണ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വ്യക്തിയുടെ എല്ലാ സ്വകാര്യ വിഭവങ്ങളും സമൂഹത്തിൻ്റെ ഭൗതിക വിഭവത്തിൻ്റെ ഭാഗമായി കൈവശം വയ്ക്കുന്നത് “ദൂരവ്യാപകമാണെന്നും” സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയുടെ നിലവാരത്തെക്കുറിച്ച് ജാഗ്രത പുലർത്തുന്ന നിക്ഷേപകരെ ഇത് ഭയപ്പെടുത്തുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബി വി നാഗരത്‌ന, ജെ ബി പർദിവാല, സുധാൻഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരായിരുന്നു ഹർജി പരിഗണിച്ചത്.

2036 ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ തയാര്‍; ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിക്ക് ഔദ്യോഗികമായി കത്തയച്ചു

'കേര' പദ്ധതിക്ക് ലോകബാങ്ക് അനുമതി

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ: ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച

'ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ഭരണഘടനാനുസൃതം;' അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

മഴ ഒഴിഞ്ഞിട്ടില്ല, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്